തെയ്യം കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരി ശബരിമല യാത്രയ്ക്കിടെ അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണു മരിച്ചു


പൂക്കാട്: കലാരംഗത്ത് ശ്രദ്ധേയനായ പാണന്റെ വളപ്പില്‍ (പൂക്കാട്) മുരളീധരന്‍ ചേമഞ്ചേരി അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ശബരിമല സന്ദര്‍ശനത്തിനിടെ അപ്പാച്ചി മേട്ടില്‍വെച്ചായിരുന്നു അന്ത്യം.

ഇന്ന് പുലര്‍ച്ചെ അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

1974 മെയ് 21ന് ജനിച്ച അദ്ദേഹം കഴിഞ്ഞ 37 വര്‍ഷമായി കലാരംഗത്ത് സജീവമാണ്. തെയ്യം, കെട്ടിയാട്ടം, എല്ലാതരം താളവാദ്യങ്ങളും സംഗീതവും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു.

2010ല്‍ എല്ലാ സംഗീതോപകരണങ്ങളുടെയും നാടന്‍ പാട്ടുകളുടെയും തെയ്യത്തിന്റെയും സമന്വയം അദ്ദേഹം ഏകോപിപ്പിച്ച് അവതരിപ്പിച്ചിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം അംഗവും ചേമഞ്ചേരിയിലെ നന്മ യൂണിറ്റ് സെക്രട്ടറിയുമാണ്. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ കലാപ്രതിഭ പുരസ്‌കാരം, ബോംബെ ഓള്‍ മലയാളി കലാപ്രതിഭ പുരസ്‌കാരം, റോട്ടറി രാമായണ പാരായണ കലാരത്‌നം 2017-2018 തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അച്ഛന്‍: പരേതനായ നാണു. അമ്മ: ശാന്ത. ഭാര്യ: വിജിത. മകള്‍: വേദലക്ഷ്മി.