പേരാമ്പ്ര ചങ്ങരോത്ത്‌ ഡി.വൈ.എഫ്.ഐ. നോതാവിന്റെ ബൈക്ക് കത്തിച്ച സംഭവം;രാഷ്ട്രീയ പകയെന്ന് സംശയം,പൊലീസ് പരിശോധന നടത്തി


പാലേരി: ചങ്ങരോത്ത്‌ കന്നാട്ടിയില്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു ബ്രാണ്ടിക്കുപ്പിയും രണ്ട് മിനറല്‍ വാട്ടര്‍ ബോട്ടിലുമാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്. ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗവും വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനുമായ പാറക്കുതാഴ സൗപർണ്ണികയിൽ എസ്.ശിബിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്.
‘ഇന്നു പുലര്‍ച്ചെ രണ്ടരയോടെ എന്തോ കത്തുന്ന ശബ്ദം കേട്ട്  പുറത്തേക്ക് വന്ന് നോക്കിയപ്പോഴാണ് ഒട്ടാകെ തീ പിടിച്ച നിലയില്‍ ബൈക്ക് കണ്ടത്. ഉടന്‍ തന്നെ ആ തീ കെടുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു’  സിബിന്‍ പേരാമ്പ്ര ന്യൂസിനോട് പറഞ്ഞു. ആരും ബൈക്ക് കത്തിച്ചവരെ കണ്ടിട്ടില്ല. അയല്‍വാസികളെല്ലാം നല്ല ഉറക്കത്തിലായതിനാല്‍  കത്തുന്ന വിവരം അറിഞ്ഞിരുന്നുമില്ല, പിന്നെ സി.സി.ടി.വി. പോലുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. തന്നോട് വിദ്വഷത്തിന് ഇടവരുത്തുന്ന തരത്തില്‍ അടുത്തകാലത്തായി ആരുമായും സംഘര്‍ഷങ്ങളോ മറ്റു വാഗ്വാദങ്ങളോ നടന്നിട്ടില്ലെന്നും സിബിന്‍ കൂട്ടിച്ചേര്‍ത്തു.
ഓണത്തിനോടനുബന്ധിച്ച് നേരത്തേ പ്രദേശത്തെ സി.പി.ഐ.എം. ബി.ജെ.പി.പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നെങ്കിലും അത്തരം രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം സര്‍വകക്ഷീ യോഗത്തിലൂടെ പരിഹരിക്കപ്പെട്ടിരുന്നു. പക്ഷേ അവസാനിച്ചെന്ന് കരുതിയ രാഷ്ട്രീയ പ്രശ്നത്തിന്റെ തുടര്‍ച്ചയാണോ ഈ ബൈക്ക് കത്തിക്കലെന്ന സംശയം ഇപ്പോള്‍ ശക്തമാകുന്നുണ്ട്.
എ.എസ്.പി.വിഷ്ണു പ്രദീപ്, പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ വിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ പൊലീസിന് സാധിച്ചിട്ടില്ല.