ഓഫീസ് കം ഷോംപ്പിംങ്ങ് കോംപ്ലക്‌സ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ആര്‍ട്ട് ഗാലറി, മിനി തിയ്യേറ്റര്‍, അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംങ്ങ്; ഹൈ ടെക് ആവുകയാണ് കൊയിലാണ്ടിയും; നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്‌സ് നിർമ്മാണത്തിനായി 15.58 കോടിയുടെ സിവില്‍ വര്‍ക്കിന് കരാറായി


കൊയിലാണ്ടി: ഹൈ ടെക് ആവുകയാണ് കൊയിലാണ്ടിയും. നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിനായുള്ള സിവില്‍ വര്‍ക്കിന് കരാറായി.

പഴയ ബസ്സ് സ്റ്റാന്റ് നിലനിന്ന സ്ഥലത്ത് കൊയിലാണ്ടി നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിംങ് കോംപ്ലക്‌സ് കം ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. 21.16 കോടി രൂപയാണ് ഷോപ്പിംങ്ങ് കോംപ്ലക്‌സിന് മൊത്തം എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇതില്‍ 15.58 കോടിരൂപയുടെ സിവില്‍ വര്‍ക്കിന് കരാറായി. നിലമ്പൂർ സ്വദേശിയായ എ.എം.മുഹമ്മദലി എന്നയാള്‍ക്കാണ് കരാർ ലഭിച്ചത്.

ഓഫീസ് കം ഷോംപ്പിംങ്ങ് കോംപ്ലക്‌സ്, നഗരസഭയുടെ അനക്‌സ് ഓഫീസ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ആര്‍ട്ട് ഗാലറി, മിനി തിയ്യേറ്റര്‍ എന്നീ സൗകര്യങ്ങളോടു കൂടിയുള്ള കോംപ്ലക്സ് ആണ് പണിയുക. അണ്ടര്‍ ഗ്രൗണ്ടില്‍ അറുപത് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

നാളെ കൗണ്‍സില്‍ യോഗം കൂടി കരാറിന് അംഗീകാരം നല്‍കും. നിർമ്മാണോദ്ഘാടനം സെപ്റ്റംബര്‍ ആദ്യവാരം നടത്താനാണ് പദ്ധതിയെന്ന്‌ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ അജിത്ത് എന്നിവര്‍ അറിയിച്ചു.

പ്രീക്വാളിഫിക്കേഷന്‍ ടെണ്ടറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ നിന്നാണ് മുഹമ്മദലിയെ തിരഞ്ഞെടുത്തത്. തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനിയറുടെ സാങ്കേതികാനുമതി ലഭിച്ചതോടെയാണ് ടെണ്ടര്‍ നടപടികള്‍ വേഗത്തിലായത്. ഇനി ഏകദേശം അഞ്ച് കോടിയുടെ ഇലക്ട്രിക്കല്‍, പ്ലംബിങ്ങ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് വേണ്ടി വീണ്ടും ടെണ്ടര്‍ വിളിക്കും.

പഴയ സ്റ്റാന്റ് നിലനിന്ന സ്ഥലത്താണ് കെട്ടിടം പണിയുന്നത്. 62,000 ചതുരശ്രയടി വിസ്താരത്തില്‍ അഞ്ച് നിലയിലായാണ് പുതിയ കെട്ടിടം. രണ്ടായിരത്തി പതിനെട്ടിൽ മുന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആയിരുന്ന എ.സി മൊയ്തീന്‍ ഷോംപ്പിംങ് കോംപ്ലക്‌സിന് ശിലാസ്ഥാപനം നടത്തിയിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് എത്തുന്നതോടെ കൊയിലാണ്ടിയുടെ മുഖത്തിനു തന്നെ മാറ്റു കൂടുമെന്നാണ് പ്രതീക്ഷ.