പുതിയ പാലത്തിന് പഴയതിനേക്കാള്‍ ഉയരം കൂടി, റോഡില്‍ പഴയപാലത്തിന്റെ അവശിഷ്ടങ്ങളും; മുചുകുന്ന് പാച്ചാക്കല്‍ പ്രദേശത്തെ കനാല്‍പ്പാലം പുതുക്കിപ്പണിതതോടെ പ്രയാസത്തിലായി നാട്ടുകാര്‍


കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ കടന്നുപോവുന്ന മുചുകുന്ന് പാച്ചാക്കല്‍ പ്രദേശത്തെ കനാല്‍പ്പാലം പുതുക്കിപ്പണിതതിനു പിന്നാലെ നാട്ടുകാരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടാവുന്നു. പുതിയ കനാല്‍പ്പാലത്തിന് പഴയതിനേക്കാള്‍ ഉയരം കൂടിയതും ഇവിടെ റോഡില്‍ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടതുമാണ് നാട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്.

പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ടാര്‍ ചെയ്ത കുറെ ഭാഗം പൊളിച്ചു മാറ്റുകയും ചെയ്തിരിക്കുന്നു. റോഡില്‍ത്തന്നെ മണ്ണും പഴയ പാലത്തിന്റെ കരിങ്കല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും കൂട്ടിയിട്ട നിലയിലാണ്.

മുചുകുന്ന് വലിയ മലയില്‍ നിന്നും ഹില്‍ ബസാര്‍, മൂടാടി ടൗണ്‍ എന്നിവിടങ്ങളിലേക്ക് പോവേണ്ട പ്രധാന റോഡാണിത്. മൂടാടി പ്രാഥമിക ആരോഗ്യ കേന്ദ്രം, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, മൂടാടി കൃഷി ഭവന്‍, പുറക്കല്‍ പാറക്കാട് ഗവ: എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ ഈ റോഡു മാത്രമാണ് ആശ്രയം.

അപകടാവസ്ഥയിലായ പഴയ പാലം പൊളിച്ചുമാറ്റണമെന്നത് നാട്ടുകാരുടെ ചിരകാല ആവശ്യമായിരുന്നു. ഇതിനെ തുടര്‍ന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് പാലം നിര്‍മിച്ചത്. ഏകദേശം മൂന്നുമാസത്തോളമായി ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിലച്ചിരിക്കുകയാണ്. പാലം പണി പൂര്‍ത്തിയായിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ കരാറുകാരന്‍ തയ്യാറാവുന്നില്ല.

രോഗികളെയും പ്രായമായവരെയും പുറത്തു കൊണ്ടുപോവാന്‍ കഴിയാതെ നാട്ടുകാര്‍ വലയുകയാണ്. ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് അധികൃതര്‍ പരിഹാരമുണ്ടാക്കണമെന്ന് പാച്ചാക്കല്‍ രംഗകല ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജീഷ്.എന്‍. അദ്ധ്യക്ഷത വഹിച്ചു. ഒ.പി.പ്രകാശന്‍, ജിനീഷ്.പി, ഷിജു.എന്‍, പ്രദീഷ്.എന്‍.വി, സത്യന്‍ മനയില്‍, നിഖില്‍.പി.ടി. എന്നിവര്‍ സംസാരിച്ചു.