‘വിദ്യാർത്ഥികളെ വഞ്ചിച്ച എൻടിഎ ഏജൻസി പിരിച്ച് വിടുന്നത് വരെ സമരരംഗത്ത് ഉണ്ടാകും’; കൊയിലാണ്ടിയിൽ എം.എസ്.എഫിന്റെ പോ​സ്റ്റ്റ്റോഫീസ് മാർച്ച്


കൊയിലാണ്ടി: നീറ്റ്, നെറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എം. എസ്. എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം ഉ​ദ്ഘാടനം ചെയ്തു.

രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷകൾക്ക് തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത വഞ്ചന ലജ്ജാകരമാണ്. ഇന്ത്യ മഹാരാജ്യം കണ്ട ഏറ്റവും വലിയ ചോദ്യപേപ്പർ കുംഭകോണത്തിന് നേതൃത്വം നൽകിയ ധർമേന്ദ്ര പ്രധാൻ എന്ന വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയും രാജ്യത്ത് സുതാര്യമായി പരീക്ഷകൾ നടത്തേണ്ട കേന്ദ്ര ഏജൻസിയായ എൻടിഎ പിരിച്ചുവിടുകയും ചെയ്യുന്നത് വരെ എം.എസ്.എഫ് സമരമുഖത്ത് ഉണ്ടാവുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

സിഫാദ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റഫ്ഷാദ് വലിയമങ്ങാട് സ്വാഗതവും ഫർഹാൻ പൂക്കാട് നന്ദിയും പറഞ്ഞു. ഫസീഹ് സി, റനിൻ അഷ്‌റഫ്‌ ,നിസാം വെള്ളാന്റകത്ത് , ഷാനിബ് കോടിക്കൽ, നബീഹ് കൊയിലാണ്ടി, റോഷൻ പാലക്കുളം, റഷ്മിൽ കൊയിലാണ്ടി, നിദ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.