വിദ്യാര്‍ത്ഥികള്‍ക്കായുള്ള എം.എസ്.എഫിന്റെ ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് നല്‍കുന്ന ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുന്‍ പ്രസിഡന്റ് മര്‍ഹൂം അഡ്വ. ഹബീബ് റഹ്മാന്റെ സ്മരണാര്‍ത്ഥമുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പാണ് ഇത്.

വിവിധ വിദ്യാഭ്യാസ മേഖലകളില്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് കൈത്താങ്ങായാണ് സ്‌കോളര്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. 2022-23 അധ്യയനവര്‍ഷം രണ്ട് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കിയത്. ഈ അധ്യയനവര്‍ഷ് തുക വര്‍ധിപ്പിച്ച് മൂന്ന് കോടി രൂപയാണ് ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പിനായി നല്‍കുന്നത്. എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റഗ്രേറ്റഡ് എട്ടാം ക്ലാസ്, റോബോട്ടിക്‌സ് ബേസിക് ലെവല്‍, എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്/കീം/ജീ/സി.എം.എ എന്നിവയോടെ ഇന്റഗ്രേറ്റഡ് പ്ലസ് ടു സയന്‍സ്, സി.എ/സി.എം.എ/എ.സി.സി.എ എന്നിവയോടെ പ്ലസ് ടു കൊമേഴ്‌സ്, സിവില്‍ സര്‍വ്വീസ്/യു.പി.എസ്.സി/കെ.എ.എസ്/പി.എസ്.സി എന്നിവയോടെ പ്ലസ് ടു ഹ്യുമാനിറ്റീസ്, റോബോട്ടിക്‌സ് ബേസിക് ലെവല്‍ എന്നിവയിലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വിഷയങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ നടത്തുക. പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ മികച്ച മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഏപ്രില്‍ 16 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്‌കോളര്‍ഷിപ്പിനെ കുറിച്ച് വിശദമായി അറിയാന്‍ വീഡിയോ കാണൂ