പ്രവാസ ജീവിതത്തില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച ഭൂമി ആതുരാലയ നിര്‍മ്മാണത്തിന് സൗജന്യമായി നല്‍കി തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ പ്രവര്‍ത്തനം മാതൃകാപരം; എടവരാട് നടന്ന പൗരസ്വീകരണത്തില്‍ ഷാഫി പറമ്പില്‍ എം.പി


പേരാമ്പ്ര: ഒരു തുണ്ട് ഭൂമിക്കായി പോലും നമ്മുടെ നാട്ടില്‍ ജനങ്ങള്‍ കോടതികള്‍ വഴിയും മറ്റും വ്യവഹാരങ്ങള്‍ നടത്തുന്ന കാലത്ത് നാല്‍പ്പത് വര്‍ഷം മുമ്പ് സൗദി ഹായിലെ മണലാരണ്യത്തിലെ പ്രവാസ ജീവിതത്തില്‍ കഷ്ടപ്പെട്ടു സമ്പാദിച്ച പൊന്നും വിലയുള്ള ഭൂമി സ്വന്തം നാട്ടിലെ ആതുരാലയം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ സൗജന്യമായി നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വടകര എം.പി. ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്ര എടവരാട് ചേനായില്‍ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിക്ക് എടവരാട് സബ്‌സെന്റര്‍ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടുകാരായ ആബാലവൃദ്ധം ജനങ്ങളും ജാതി മത രാഷ്ട്രീയങ്ങള്‍ക്കതീതമായി ഒരുമിക്കാന്‍ അദ്ദേഹത്തിന്റെ സല്‍പ്രവൃത്തി കാരണമായെന്നും അദ്ദേഹം പറഞ്ഞു. സബ്‌സെന്റര്‍ ജനകീയ കമ്മിറ്റിയുടെ ഉപഹാരം ഷാഫി പറമ്പില്‍ എം.പി. അദ്ദേഹത്തിന് നല്‍കി. തളിര്‍ കുഞ്ഞബ്ദുല്ല ഹാജി ദീര്‍ഘകാലം പ്രസിഡണ്ടായി സേവനമനുഷ്ടിച്ച എടവരാട് ഹായില്‍ കെ.എം.സി.സിയുടെ ഉപഹാരം മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നല്‍കി.

സ്ഥലത്തിന്റെ ആധാരം കുഞ്ഞബ്ദുല്ല ഹാജിയില്‍ നിന്നും വാങ്ങി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദിന് കൈമാറി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ.കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അഡ്വ. കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി.അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, പി.കെ.രാഗേഷ്, എന്‍.അഹമദ് മാസ്റ്റര്‍, പി.ബാലന്‍ മാസ്റ്റര്‍, സ്വാഗത സംഘം വൈ.ചെയര്‍മാന്‍ സി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, രാജന്‍ മരുതേരി, വി.കെ. നാസര്‍ മാസ്റ്റര്‍, കെ.കെ. രജീഷ്, കെ.അബ്ദുല്‍ ജലീല്‍ സഖാഫി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഇ.പി.സുരേഷ്, ആര്‍.എം. രവി, കെ.വി.കുഞ്ഞബ്ദുല്ല ഹാജി, ഇ.പി.ആനന്ദ്, ഇ.പി. സെനിത്ത് പ്രസംഗിച്ചു. തളിര്‍ കുഞ്ഞബ്ദുല്ല ഹാജി മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ട്രഷറര്‍ കെ.സി. ജയകൃഷ്ണന്‍ നന്ദി പറഞ്ഞു.

നേരത്തെ നാല് മണിക്ക് എടവരാട് നഞ്ഞാളൂര്‍ മുക്കില്‍ നിന്നും ചേനായിലേക്ക് ബാന്റ് വാദ്യം, മുത്തുക്കുട, ദഫ്മുട്ട്, കരകയാട്ടം, ഫ്‌ലവര്‍ഷോ, കോല്‍ക്കളി എന്നിവയുടെ അകമ്പടിയോടെ നടന്ന വര്‍ണ്ണശബളമായ ലോഷയാത്രയില്‍ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു.