എലിയെ ചതിച്ച തവള | Mouse and Frog | Children Story


[web_stories_embed url=”https://koyilandynews.com/web-stories/mouse-and-frog-children-story-kathaneram/” title=”എലിയെ ചതിച്ച തവള | Mouse and Frog | Children Story” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-cover-koyilandy.jpg” width=”360″ height=”600″ align=”none”]

രിയ്ക്കല്‍ ഒരു കുഞ്ഞനെലി നാട് കാണാനിറങ്ങി. ജീവിതത്തില്‍ കുറച്ച് സാഹസികത വേണമെന്ന തോന്നലാണ് കുറെ വര്‍ഷങ്ങളായി താമസിച്ചിരുന്ന തട്ടിന്‍പുറം വിട്ടു പുറത്തേയ്ക്കിറങ്ങാന്‍ അവനെ പ്രേരിപ്പിച്ചത്. പലയിടത്തും കറങ്ങിത്തിരിഞ്ഞു, പലതും കണ്ടും കേട്ടും അവന്‍ ആസ്വദിച്ചു. അങ്ങിനെയാണ് ഒടുക്കം അവന്‍ ഒരു കുളത്തിന്‍ കരയിലെത്തിയത്.
കുളത്തില്‍ താമസിച്ചിരുന്ന ഒരു തവള ഈ സമയം വെയില്‍ കായാനായി കരയിലെത്തി. എലിയെ കണ്ടതും തവളയ്ക്ക് കൌതുകമായി. അവന്‍ എലിയുടെ അടുത്ത് ചെന്ന് കുശലം ചോദിച്ചു. താന്‍ നാട് കാണാനിറങ്ങിയതാണെന്നും, കുറെ കാഴ്ചകള്‍ കണ്ടു മടുത്തുവെന്നും എലി പറഞ്ഞു.

“കരയിലെ കാഴ്ചകള്‍ കണ്ടു കഴിഞ്ഞെങ്കില്‍ നീ എന്റെ കൂടെ പോരുന്നോ? ഞാനീ കുളത്തിലെ കാഴ്ചകള്‍ കാണിക്കാം” തവള ക്ഷണിച്ചു.

എലിയ്ക്ക് അതൊരു രസകരമായ കാര്യമായിരിക്കുമല്ലോ എന്ന് തോന്നി. കുളത്തിലേയ്ക്ക് ഒരു യാത്ര! അത് തീര്‍ച്ചയായും സാഹസികമായിരിക്കും. പക്ഷേ അവന് നീന്തലറിയില്ലായിരുന്നു. വെള്ളത്തില്‍ വീണാല്‍ തന്റെ കാര്യം പോക്കാകുമെന്ന് അവനറിയാം. അത് കൊണ്ട് അവനൊന്ന് മടിച്ചു.

പക്ഷേ തവളയുണ്ടോ വിടുന്നു. തവള എലിയെ നിര്‍ബന്ധിച്ചു. എന്നിട്ട് ഒരു വള്ളിയെടുത്ത് തന്റെ ഒരു കാല്‍ എലിയുടെ ഒരു കാലുമായി ബന്ധിച്ചു.

“ഇനി നീ മുങ്ങിച്ചാകുകയില്ല. എന്തു സംഭവിച്ചാലും ഞാന്‍ നിന്നെ രക്ഷിച്ചോളാം”. തവള പറഞ്ഞു. എന്നിട്ട് കുളത്തിലേയ്ക്ക് എടുത്തു ചാടി, എലിയെയും വലിച്ചു കൊണ്ട്!

ആദ്യം വെള്ളത്തിന് മുകളിലൂടെ തെന്നി തെന്നി പോകവേ എലിയ്ക്ക് നല്ല രസം തോന്നി. എന്നാല്‍ കുറച്ചു കഴിഞ്ഞതും അവന്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. എലി തവളയോട് തനിക്ക് മതിയായെന്ന് വിളിച്ച് പറഞ്ഞു. എലിയുടെ പരാക്രമം കണ്ട തവളയ്ക്ക് രസം കയറി. തവള എലിയെയും കൊണ്ട് വെള്ളത്തിനടിയിലേയ്ക്ക് മുങ്ങാംകുഴിയിട്ടു.

പാവം എലി. അവന്‍ വെള്ളം കുടിച്ച് ചത്തു. ദുഷ്ടനായ തവള എലി ചത്തെന്ന് മനസ്സിലായതോടെ തന്റെ കാലിലെ വള്ളി അഴിക്കാനൊരുങ്ങി.

അപ്പോഴാണ് ആകാശത്തു വട്ടമിട്ട് പറക്കുകയായിരുന്ന ഒരു പരുന്ത് വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന എലിയെ കണ്ടത്. പരുന്ത് ഒരു കുതിപ്പിന് താഴെയെത്തി തന്റെ നഖങ്ങളില്‍ എലിയെയും കോര്‍ത്ത് പറന്നുയര്‍ന്നു. എലിയോടൊപ്പം തവളയും പരുന്തിന്‍ കാലില്‍ മുകളിലേയ്ക്കുയര്‍ന്നു. അവന് തന്റെ കാലിലെ കെട്ടഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അങ്ങിനെ എലിയെ ചതിച്ചു കൊന്ന തവളയും അന്ന് പരുന്തിന് ഭക്ഷണമായി.