ചെമ്പോട് വയലിലും കൊയിലോത്തുംപടിയിലും ഇനി ധൈര്യമായി കൃഷിയിറക്കാം; ജലമൊഴുക്ക് നിയന്ത്രിക്കാന്‍ ഷട്ടര്‍ സംവിധാനത്തോടെ മൂടാടിയിലെ കോന്നക്കല്‍ തോട് നവീകരിച്ചു


കൊയിലാണ്ടി: കൃഷിക്ക് വില്ലനാകുന്ന വെള്ളത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ഇനി ആശങ്ക വേണ്ട. മഴക്കാലത്ത് അധികജലം ഒഴുക്കിവിടാനും വെള്ളം കുറയുമ്പോള്‍ ഷട്ടര്‍ അടച്ച് വെള്ളം സംഭരിച്ച് നിര്‍ത്താനും കഴിയുന്ന തരത്തില്‍ കൊന്നക്കല്‍താഴ തോട് നവീകരിച്ചു. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയും മൂടാടി പഞ്ചായത്തിലുടെയും കടന്ന് പോകുന്ന ഈ തോടിലൂടെ ഇനി തെളിനീരൊഴുകും.

വര്‍ഷങ്ങളായി പരിപാലനത്തിലെ അശ്രദ്ധകൊണ്ട് തോടിന്റെ നീരൊഴുക്ക് തടയപ്പെട്ട നിലയിലായിരുന്നു. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കൃഷിയിറക്കിയ വയല്‍ പ്രദേശമായിരുന്നു മൂടാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാപ്പില്‍ പാടശേഖരം. കാലക്രമേണ വയലിന്റെ ഛേദിച്ചുകൊണ്ട് ഫുട്പാത്തുകളും റോഡുകളും വന്നത് വയല്‍ നികത്തി വീട് നിര്‍മ്മിക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കി. ഇത് നെല്‍വയലിന്റെ വിസ്തൃതി കുറയ്ക്കാനും ഇടയാക്കി.

നീരൊഴുക്ക് തടയപ്പെട്ടതിനാല്‍ മഴക്കാലത്ത് വെള്ളം കയറി കൃഷി നശിക്കുന്നതും പതിവായിരുന്നു. ഇതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. തോട് നവീകരണത്തോടെ കാപ്പില്‍ പാടശേഖരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകും.

മുന്‍പ് കാലത്ത് സുഗമമായി അധിക ജലം കാപ്പി കൊന്നക്കല്‍ താഴ തോട്ടിലൂടെ ഒഴുകി അകലാപ്പുഴയില്‍ എത്തിച്ചേരുകയായിരുന്നു. കാലക്രമേണ തോട് കൈയ്യേറ്റവും നിലം നികത്തലും നീരൊഴുക്കിനെ തടസ്സപ്പെടുത്തി. വര്‍ഷങ്ങളായി ഗ്രാമസഭകളിലും മറ്റ് പൊതുവേദികളിലും ഉന്നയിക്കപ്പെടുന്ന ആവശ്യമായിരുന്നു തോട് നവീകരണം. നീണ്ട കാലത്തെ ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരമാകുന്നത്.

മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ് മുന്‍ എം എല്‍ എ കെ.ദാസന്റെ നിര്‍ദേശ പ്രകാരം എസ്റ്റിമേറ്റ് തയാറാക്കുകയും 45 ലക്ഷം രൂപ തോട് നവീകരണത്തിനായി അനുവദിക്കപ്പെടുകയും ചെയ്തു. തോടിന്റ രണ്ട് ഭാഗവും കെട്ടി സംരക്ഷിക്കുകയും മുന്‍സിപ്പല്‍ അതിര്‍ത്തിയായ കൊന്നക്കല്‍ താഴ ഭാഗത്ത് വി.സി.ബി നിര്‍മാണംപൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലത്ത് അധികജലം ഒഴുക്കിവിടാനും വെള്ളം കുറയുമ്പോള്‍ ഷട്ടര്‍ അടച്ച് വെള്ളം സംഭരിച്ച് നിര്‍ത്താനും കഴിയുന്ന ‘നിലയിലാണ് പദ്ധതി വിഭാവ വനം ചെയ്തിട്ടുള്ളത്. നവീകരിക്കുന്ന കടുക്കുഴി ചിറയുടെ തുടര്‍ച്ചയാണ് ഈ തോട് എന്നുള്ളത് കൊണ്ട് ഈ ഭാഗത്ത് വെള്ളം കയറുമെന്ന ആശങ്കയും ഇല്ലാതായി.

തോട് നവീകരണത്തോടെ മൂടാടി പഞ്ചായത്തിലെ ചെമ്പോട് വയല്‍ കൊയിലോത്തുംപടി വയലുകളിലെ നെല്‍ കൃഷിക്കും പച്ചക്കറി കൃഷിക്കും ഏറെ സഹായകമാവുമെന്നും മുചുകുന്ന് കൊയിലോത്തും പടി കൊടക്കാട്ടു മുറി ഭാഗത്തെ കിണറുകളിലെ ജലനിരപ്പ് സംരക്ഷിക്കാനും തോട് നിര്‍മ്മാണം സഹായിക്കുമെന്നും മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറും നഗരസഭ കൗണ്‍സിലര്‍ പി. പ്രജിലയും പറഞ്ഞു.