ദേശീയ അംഗീകാര തിളക്കത്തില്‍ മൂടാടി കുടുംബാരോഗ്യ കേന്ദ്രം; അവാര്‍ഡ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി


മൂടാടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ഇന്ത്യ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേറ്റാണ് മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രം രോഗീ സൗഹൃദമാക്കിയതിന്റെ ഭാഗമായാണ് അംഗീകാരം.

വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാരുടെ സേവനം, ലാബ് വിവിധങ്ങളായ ക്ലിനിക്കുകള്‍ എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശപ്രകാരം യു.എല്‍.സി.സി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ രണ്ടര കോടി രൂപ സര്‍ക്കാര്‍ ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജീന എലിസബത്ത്, എച്ച്.ഐ ഷീന എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.