കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കൂരാച്ചുണ്ട് ഓലക്കുന്നത്ത് ആഖിലിനെ(28)യാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് സഹിതമാണ് വീട്ടില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കാളങ്ങാലിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായി. നിര്‍ബന്ധിത ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മുറിയില്‍ കെട്ടിയിട്ട് ഇരുമ്പുവടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചെന്നും യുവതി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

റഷ്യന്‍ യുവതിയുമായി ആഖില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് യുവതി ഖത്തറിലെത്തുകയും അവിടെ നിന്നും നേപ്പാള്‍ വഴി ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ പല സ്ഥലങ്ങളിലും സന്ദര്‍ശിച്ച് മാര്‍ച്ച് 19നാണ് കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്.

റഷ്യന്‍ ഭാഷ മാത്രം അറിയുന്ന യുവതിയില്‍ നിന്ന് ദ്വിഭാഷി മുഖേന പോലീസ് ആശുപത്രിയില്‍വെച്ച് മൊഴി രേഖപ്പെടുത്തി. ആശുപത്രി വാര്‍ഡില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിയുകയാണിവര്‍. 2024 ഫെബ്രുവരിവരെ ഇന്ത്യയില്‍ തങ്ങാനുള്ള വിസ ഇവര്‍ക്കുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസിനോട് ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

summary: Russian woman tried to commit suicide by jumping from a building in Koorachud, her male friend was arrested based on the woman’s statement.