മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണോ? എങ്കില്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്‌


മഴക്കാലമായതോടെ രോഗങ്ങളും വർധിച്ചു വരികയാണ്. കൂടുതൽ ശ്രദ്ധ നൽകി നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

മലിനജലത്തിലൂടെ പടരുന്ന വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം,  ടൈഫോയ്‌ഡ്‌ തുടങ്ങിയവക്കെതിരെ ജാഗ്രതവേണം. ആഹാര, കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെയേ ജലജന്യ രോഗങ്ങളെ തടയാനാകൂ. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയതും മലിനമായതും ഒഴിവാക്കുകയും വേണം. പഴങ്ങളും പച്ചക്കറിയും കഴുകി മാത്രം ഉപയോഗിക്കണം.

മഴക്കാലത്ത് ഈര്‍പ്പമുള്ള അന്തരീക്ഷമായതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ഈ സമയത്ത് കൊതുകുകളും സൂക്ഷ്മാണുക്കളും പരത്തുന്ന രോഗങ്ങള്‍ അതിവേഗം പടരാന്‍ ഇടയാക്കും. സാധാരണ വൈറല്‍ ഫീവര്‍ മുതല്‍ മലേറിയ, ഡെങ്കിപ്പനി, പനി, ചിക്കുന്‍ഗുനിയ, എലിപ്പനി വരെയുള്ള പലവിധ രോഗങ്ങള്‍ മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു.

കോവിഡിന് ശേഷം പലരുടെയും പ്രതിരോധശേഷി കുറഞ്ഞിട്ടുണ്ട്. ചെറിയ പനികള്‍ പോലും ഇപ്പോള്‍ നമ്മളെ കൂടുതല്‍ ക്ഷീണിതരാക്കും. ശുദ്ധമായ വെള്ളം കുടിക്കുന്നത് ഉറപ്പാക്കുകയാണ് പ്രധാനം. മഴക്കാലത്ത് പല ജലസ്രോതസ്സുകളും മലിനമാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. മലിനജലം കുടിക്കുന്നത് കാരണം മഴക്കാലത്ത് വയറുവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗം നിങ്ങളുടെ പ്രദേശത്തെ ജല ശുദ്ധീകരണ ആവശ്യകതയെ ആശ്രയിച്ച് നിങ്ങളുടെ വീട്ടില്‍ ഒരു അനുയോജ്യമായ വാട്ടര്‍ ഫില്‍ട്ടര്‍ ഉണ്ടായിരിക്കുക എന്നതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് കുടിവെള്ളം തിളപ്പിക്കുക എന്നതാണ് മറ്റൊരു സുരക്ഷിതമായ വഴി.

1) പാചകം ചെയ്യുന്നതിനുമുമ്പ് എല്ലാ ഭക്ഷണ സാധനങ്ങളും വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

2) വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

3) പാചകം ചെയ്യാൻ ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കുക.

4) പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, ആവശ്യത്തിന് മാത്രം പക്ഷം പാചകം ചെയ്യുക.

5) പൂപ്പൽ ഒഴിവാക്കാൻ പാചകം ചെയ്‌ത ഭക്ഷണം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക.

6) പാചകം ചെയ്‌ത്‌ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

7) പാൽ, തൈര് മുതലായ ഭക്ഷ്യ സാധനങ്ങൾ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക.

8) കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ജീരകം, മല്ലി, മഞ്ഞൾപ്പൊടി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.