വടകരയില്‍ കോളജ് അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു


വടകര: വടകരയില്‍ കോളേജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ വിനീഷാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.

വടകരയിലെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസന്‍ മുക്കില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച മകളെ സമീപത്തെ വീട്ടില്‍ ഏല്‍പ്പിച്ച് പോയതായിരുന്നു.

ഉളിയില്‍ ഐഡിയല്‍ കോളജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ്, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതരായ ബാബുവിന്റെയും ടി.കെ ബിന്ദുവിന്റെയും  മകനാണ്. സഹോദരന്‍: വിജീഷ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.