സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും


തിരുവന്തപുരം; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. ഗതാഗത മന്ത്രി ഗണേശ് കുമാറിന്റെ നിര്‍ദേശത്തിലാണ് തീരുമാനം. സ്ലോട്ട് ലഭിച്ചവര്‍ ഇന്ന് മുതല്‍ ടെസ്റ്റിന് എത്തണം. എത്താത്തപക്ഷം മറ്റുള്ളവര്‍ക്ക് സ്ലോട്ട് നല്‍കും. ടെസ്റ്റിനുള്ള സമയം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാം. ഹൈക്കോടതി ഉത്തരവ് മാനിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ കേന്ദ്ര മാനദണ്ഡപ്രകാരമാണ് പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളതെന്നും ഇനി ഇളവ് നല്‍കാനാകില്ലെന്നും മന്ത്രി അറിയിച്ചു. ടെസ്റ്റുകളുടെ എണ്ണം പരമാവധി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ പരിഷ്‌കരണ നടപടികള്‍ ഹൈക്കോടതി അംഗീകരിച്ചതാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ യഥേഷ്ടം ലൈസന്‍സുകള്‍ വിതരണം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മേയ് രണ്ട് മുതല്‍ ഡ്രൈവിങ് സ്‌കൂളുകാരുടെയും ജീവനക്കാരുടെയും എതിര്‍പ്പുകാരണം ടെസ്റ്റ് മുടങ്ങിയിരുന്നു.