‘ഉള്ളൂര്‍ക്കടവ് പാലത്തിന്റെ പണി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ’; പാലം എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു
കൊയിലാണ്ടി: പണി പുരോഗമിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. ബാലുശേരി- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായും അടുത്ത വര്‍ഷത്തോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ അധിക എസ്റ്റിമേറ്റാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. അക്വിസിഷന്‍ തഹസില്‍ദാറിന്റെ നടപടിക്രമങ്ങള്‍ക്ക് ശേഷം രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പണം കൈമാറും. മൊത്തം 19 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്.
പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഉള്ളിയേരി ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാന്‍ സാധിക്കും.
നേരത്തെ കടവ് ഉണ്ടായിരുന്ന പുഴയ്ക്ക് കുറുകെയാണ് ഉള്ളൂര്‍ക്കടവ് പാലം നിര്‍മ്മിക്കുന്നത്. നഗര പാതകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.
250.6 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇതിനായി 12 തൂണുകളാണ് ആവശ്യമായി വരുന്നത്.. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലംനിര്‍മിക്കുന്നത്.