കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബി.ജെ.പി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും, ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കാനും തീരുമാനം
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബി.ജെ.പി. ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
ഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ ആക്രമണം ശക്തമായതിന് പിന്നാലെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.എം പരിപാടി നടത്തുകയും കെ.പി.സി.സി നവംബര്‍ 23ന് പരിപാടി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി ഇസ്രയേലിന് പിന്തുണ അറിയിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നതായി വി.കെ.സജീവന്‍ ആരോപിച്ചു.
അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സജീവന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും സജീവന്‍ പറഞ്ഞു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുന്‍നിര ജനാധിപത്യ രാജ്യങ്ങള്‍ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവന്‍ പറഞ്ഞു.