‘ചായ ഇനി പൊള്ളും’; മില്‍മ പാലിന് ഡിസംബര്‍ മുതല്‍ ആറ് രൂപ കൂടും


പാലക്കാട്: മില്‍മ പാലിന് ലിറ്ററിന് ആറ് രൂപ കൂടും. ഡിസംബര്‍ ഒന്നു മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരിക. ഇതോടെ നിലവിലെ വിലയേക്കാള്‍ 5.025 രൂപ ലിറ്ററിന് കര്‍ഷകന് ലഭിക്കും.

പാലിനൊപ്പം വെണ്ണ, നെയ്യ്, കട്ടിമോര്, തുടങ്ങിയവയ്ക്കും വിലകൂടും. ക്ഷീരസംഘങ്ങള്‍ക്കും വില്‍പനക്കാര്‍ക്കും വിലവര്‍ദ്ധനവിന്റെ 5.75 ശതമാനവും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.75 ശതമാനവും മില്‍മയ്ക്ക് 3.50 ശതമാനവും പ്ലാസ്റ്റിക് നിര്‍മാര്‍ജന ഫണ്ടിന് 0.50 ശതമാനവും ലഭിക്കും.

പുതിയവില ഇങ്ങനെ:
നീല കവര്‍ അരലിറ്റര്‍ – 26 രൂപ (പഴയ വില 23 )
മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) അരലിറ്റര്‍ -25 (പഴയ വില 22 )
പ്രൈഡ് (പിങ്ക്) അരലിറ്റര്‍ – 28 രൂപ (പഴയ വില 25)
റിച്ച് ഗ്രീന്‍ അരലിറ്റര്‍ – 29 രൂപ (പഴയവില 26)

2019 സെപ്റ്റംബറിലാണ് മില്‍മ പാല്‍ വില അവസാനമായി കൂട്ടിയത്. നാല് രൂപയാണ് 2019ല്‍ വര്‍ദ്ധിപ്പിച്ചത്.

നേരത്തെ പാല്‍ വില ആറ് മുതല്‍ പത്ത് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.