‘ഞങ്ങള്‍ക്കും ജീവിക്കണ്ടേ!’ റോഡ് നിര്‍മ്മാണത്തിലെ അപാകത കാരണം കന്നൂരില്‍ കടകള്‍ക്കുമുമ്പില്‍ വെള്ളക്കെട്ട്; വെള്ളക്കെട്ടില്‍ കിടന്ന് വ്യാപാരിയുടെ പ്രതിഷേധം- വീഡിയോ



കൊയിലാണ്ടി:
കനത്ത മഴയില്‍ കന്നൂര്‍ ടൗണില്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വ്യാപാരികള്‍. വെള്ളക്കെട്ടില്‍ കിടന്നുകൊണ്ടാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. കടയുടെ മുന്നില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സാധനം വാങ്ങാന്‍ ആര്‍ക്കും കടയിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇത് വ്യാപാരികളുടെ ഉപജീവനത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

വ്യാപാരികള്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് റോഡ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുടെ അധികൃതരെത്തി ജെ.സി.ബി ഉപയോഗിച്ച് വെള്ളം ഡ്രയിനേജിലേക്ക് കടത്തിവിടാന്‍ സംവിധാനമുണ്ടാക്കുകയായിരുന്നു. വെള്ളക്കെട്ട് ഒഴിവായതിനുശേഷമാണ് വ്യാപാരികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

സംസ്ഥാനപാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളില്‍ ഈ മേഖലയില്‍ പല പോരായ്മകളുമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കല്‍വര്‍ട്ടുകളിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്ന തരത്തില്‍ പലയിടങ്ങളിലും സ്ലോപ്പായല്ല നിര്‍മ്മാണം നടത്തിയിരിക്കുന്ന്. ഉള്ളൂര്‍ ഭാഗത്ത് നിലവില്‍ വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. എന്നാല്‍ കന്നൂര്‍ ടൗണിലെ അവസ്ഥ മുമ്പത്തേക്കാള്‍ കഷ്ടമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.