‘മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകത, മേപ്പയ്യൂർ കോൺഗ്രസിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്
പേരാമ്പ്ര: മേപ്പയ്യൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകതയുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. പേരാമ്പ്രയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പ്രവർത്തകർ ആരോപണം ഉന്നയിച്ചത്.
മണ്ഡലം പ്രസിഡന്റ് രാജിവെച്ചപ്പോൾ ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റിനാണ് കോൺഗ്രസ് ചാർജ് കൊടുക്കേണ്ടത് എന്നിരിക്കെ അതിന് തയ്യാറാവാതെ ഡി.സി.സി സെക്രട്ടറിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയായിരുന്നു. മുഴുവൻ സമയ പ്രവർത്തകനായിരിക്കണം എന്ന കെ.പി.സി.സിയുടെ മാനദണ്ഡം പൂർണമായും ലംഘിച്ചുകൊണ്ടാണ് ഹൈസ്ക്കൂൾ അധ്യാപകനായ വ്യക്തിയെ പ്രസിഡന്റായി നിയമിച്ചിരിക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു.
വനിതകളെയും പട്ടികവിഭാഗക്കാരെയും ഒഴിവാക്കിയാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് എന്നും ആരോപണമുണ്ട്. ജനാധിപത്യം കുഴിച്ചു മൂടുന്നതിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മേപ്പയൂർ കുഞ്ഞികൃഷ്ണൻ (മുൻ ബ്ലോക്ക് പ്രസിഡന്റ്), സി.പി.നാരായണൻ (മുൻ മണ്ഡലം പ്രസിഡന്റ്), യു.എൻ.മോഹനൻ (ബ്ലോക്ക് മുൻ സെക്രട്ടറി), ആന്തേരി ഗോപാലകൃഷ്ണൻ (മുൻ മണ്ഡലം വൈസ് പ്രസിഡന്റ്), ആർ.കെ.രാജീവൻ (മുൻ മണ്ഡലം സെക്രട്ടറി), പി.സി.രാജേന്ദ്രൻ (ഐ.എൻ.ടി.യു.സി. ഏരിയാ സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.