എസ്.എസ്.എല്‍.സി സമ്പൂര്‍ണ്ണ വിജയവുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍



മേപ്പയ്യൂര്‍: പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചതോടെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയത്തില്‍ നൂറ് മേനി നേടി മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ഉന്നത വിജയം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷവും സ്‌കൂളിന് നൂറ് മേനി വിജയം നേടാന്‍ കഴിഞ്ഞിരുന്നു. പരീക്ഷയെഴുതിയ 819 കുട്ടികള്‍ മുഴുവനായും ഉപരിപഠനത്തിന് അര്‍ഹത നേടി. 202 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാലയമാണ് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഠന ക്യാമ്പുകള്‍, സബ്ജക്ട് ക്ലിനിക്കുകള്‍, ഗ്രേഡഡ് ക്ലാസുകള്‍, നൈറ്റ്ക്ലാസുകള്‍, ഹെല്‍പ്പ് ഡസ്‌ക്, തുടങ്ങി ചിട്ടയായ നിരന്തരമായ പരിശീലനങ്ങളും പരീക്ഷകളും വേറിട്ട പ്രവര്‍ത്തനങ്ങളും ചിട്ടയായ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത് ഒരു പൊതു വിദ്യാലയത്തിന്റെ കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും തെളിവാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പി.ടി.എ, എസ്.എം.സി, അധ്യാപക അധ്യാപകേതര ജീവനക്കാര്‍, രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവയുടെയെല്ലാം മികച്ച പിന്തുണ സമാനതകളില്ലാത്ത ചരിത്രവിജയം നേടുന്നതിന് വളരെയേറെ സഹായിച്ചിട്ടുണ്ട്. അനുമോദന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.പി.ബിജു, എസ്.എം.സി ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര, ഹെഡ്മാസ്റ്റര്‍ കെ. നിഷിദ്, അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.ഒ.ഷൈജ, വിജയോല്‍സവം കണ്‍വീനര്‍ കെ.ടി.സ്മിത, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശന്‍, ക്ലാസ് അധ്യാപിക വി.എം.മിനിമോള്‍ എന്നിവര്‍ സംസാരിച്ചു.