ചാലിയത്ത് നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം കടലില്‍ അകപ്പെട്ടു; ശക്തമായ കാറ്റിലും മഴയിലുംപെട്ട വള്ളത്തിലെ തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി


കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെത്തിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

ഫാത്തിമ മുര്‍ഷിത എന്ന ഫൈബര്‍ വള്ളമാണ് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലിലകപ്പെട്ടത്. കനത്ത കാറ്റിലും മഴയിലും രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ചാലിയം ഫിഷിങ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ചാലിയം സ്വദേശി ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നേതൃത്വത്തില്‍ മറൈന്‍ ആംബുലന്‍സ് ബേപ്പൂരില്‍ നിന്നെത്തിയാണ് തൊഴിലാളികളെ രക്ഷിച്ചത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.പി.ഒ ഷാജി കെ.കെ, അരുണ്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ ഷൈജു, താജുതാജുദ്ദീന്‍, ബിലാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.