തിരികെ ഗള്‍ഫിലേക്ക് തിരിക്കാനിരിക്കെ എന്‍റെ മുന്നില്‍ ആ അപകടം; തിക്കോടിയില്‍ നടന്ന ഒരു അപകടത്തിന്റെ ഓര്‍മ്മ പ്രവാസിയായ ഷഹനാദ് പങ്കുവെക്കുന്നു
ഷഹനാസ് തിക്കോടി
തിരികെ പ്രവാസത്തിലേക് വരുന്നതിന്റെ തലേ നാൾ എന്റെ തറവാട് വീടിന്റെ മുൻപിൽ വെച്ച് ഒരു റോഡപകടം നടന്നു. നാഷണൽ ഹൈവേയുടെ ഒരത്താണ് വീടെന്നതും ബാപ്പയുടെ വേർപാടിന് ഒരു അപകടം നിമിത്തമായതും കാരണം എവിടെ അപകടം കണ്ടാലും മനസിൽ ഉണ്ടാവുന്ന, വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥ എന്നത്തേതും പോലെ അന്നും എന്നിൽ ഉണ്ടായി. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കണ്ടപ്പൊ തന്നെ അപകടം കഴിഞ്ഞ് അല്‍പനേരമായെന്ന് എനിക്ക് മനസിലായി. ഞാൻ എന്‍റെ വാഹനം സൈഡിലേക്ക് ഒതുക്കി അപകടസ്ഥലത്തേക്ക് ഓടി.
കൂട്ടം കൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ നുഴഞ്ഞുകയറാനുള്ള എന്റെ ശ്രമത്തിനിടയിൽ സമീപത്തു നിന്ന സുഹൃത്ത് പരിക്കേറ്റ ആളെയും കൊണ്ട് പോവാനൊരുങ്ങുന്ന വണ്ടിയിൽ കയറാൻ ആവശ്യപെട്ടു. ഒപ്പം അവനും കയറുമെന്ന എന്റെ പ്രതീക്ഷ തകിടം മറിച്ചു ആരോ ഒരാൾ പെട്ടെന്ന് ഡോർ അടച്ചു. കുറേപ്പേര്‍ വാഹനത്തിന് പോവാനുള്ള വഴി ഒരുക്കി. അപരിചിതനായ ഡ്രൈവറും ഞാനും പരിക്ക് പറ്റിയ വ്യക്തിയും അടങ്ങുന്ന ഒരു ജീവൻ മരണ യാത്രയുടെ തുടക്കമായിരുന്നു അത്.
വണ്ടിക്കകത്തെ കാഴ്ചൾക്ക് എന്റെ ഉള്ളിലുള്ള ധൈര്യവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നു എനിക്ക് തുടക്കത്തിലേ ബോധ്യമായിരുന്നു. തീവ്രമായ അപകടകടത്തില്‍ അയാളുടെ മുഖവും കൈ കാലുകളും വിവരിക്കാൻ കഴിയാത്ത വിധം അവശമായിപ്പോയിരുന്നു. എന്നില്‍ ഭയം എന്നിൽ അരിച്ചിറങ്ങിവന്നു. കാൽമുട്ടിനിടയിലൂടെ ഒരു നീളൻ കമ്പി അദ്ദേഹം ചേർത്ത് പിടിച്ചു, നിസ്സംഗതയോടെ ‘എന്റെ കാൽ’ എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷെ കൂടെയുണ്ടായിരുന്ന ഡ്രൈവറുടെ വിറയലോട് കൂടിയുള്ള ഡ്രൈവിംഗ് എന്നിൽ ഭയം നിറച്ചു . അപകടം പറ്റിയ വ്യക്തിയുടെ പോക്കറ്റിൽ നിന്നും ഒരു ഫോൺ ബെൽ റിങ് ചെയ്തത് പിന്നീട് ആ യാത്രയിൽ നിർണായകമായി. ഒരു ചെറിയ ടോർച് ഫോണായിരുന്നു അതെന്നത് ഞാനോർക്കുന്നു. അദ്ദേഹത്തിന്റെ പാന്‍റിന്‍റെ പോക്കറ്റിൽ നിന്ന് വളെരെ ശ്രമപ്പെട്ടാണ് അത് പുറത്തെടുത്തത്. എന്തു പറയണമെന്ന ആശങ്ക തീര്‍ച്ചയായും എനിക്കുണ്ടായിരുന്നു. ഒരു ചെറിയ സംഭാഷണത്തിലൂടെ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ലൈനിൽ ഉള്ളതെന്ന് എനിക്ക് മനസിലായി. പൂർണ വിവരങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തെ അറിയിക്കാൻ ആ സംഭാഷണത്തിലൂടെ കഴിഞ്ഞു. മാത്രവുമല്ല ഇദ്ദേഹത്തിന്റെ വീടെവിടെയാണെന്നും ജോലിയുമായി ബന്ധപ്പെട്ട യാത്രയിലാണ് അപകടം സംഭവിവിച്ചതെന്നും മനസിലായി. അദ്ദേഹത്തിന്റെ വാക്കുകൾ അല്പം ആശ്വാസം നൽകുന്നതായിരുന്നു.
ഇൻഷുറൻസിൽ ഒരുമിച്ചു ജോലി ചെയുന്ന സുഹൃത്തിന്റെ തായിരുന്നു ആ ഫോൺ കാൾ. മെഡിക്കൽ കോളേജിലേക്കുള്ള വഴി മധ്യേ നിങ്ങൾ കൊയിലാണ്ടി ഹോസ്പിറ്റലിൽ ഒന്ന് വണ്ടി കയറ്റണമെന്ന സുഹൃത്തിന്റെ വാക്കുകൾ തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. അവിടെ എത്തുമ്പോഴേക് കൂടെ ജോലി ചെയ്ത സ്ത്രീകളടക്കമുള്ള നന്മ മനസുകളിൽ ഒക്കെയും അവിടെ എത്തിയിരുന്നു. പെട്ടെന്ന് തന്നെ ആമ്പുലൻസ് ഡ്രൈവറും സിസ്റ്റേഴ്സും വീൽ ചെയറുമായി വണ്ടിക്കരികിലെത്തി. അതിൽ കയറ്റാനുള്ള അവസ്ഥ അല്ലെന്ന കാര്യം വണ്ടിക്കകത്തെ കാഴ്ചകളിലൂടെ അവർ മനസിലാക്കി. സ്ട്രെക്ച്ചറുമായി ഉടനെ ഡോക്ടറുടെ റൂമിലേക്കു കൊണ്ടുപോയി. പെട്ടെന്നുള്ള ശ്രുശ്രുഷ നൽകി മെഡിക്കൽ കോളേജിലേക്ക് പുറപ്പെടാൻ ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ സജ്ജമായ ആംബുലൻസിൽ അതിവേഗത്തിൽ കോഴിക്കോട്ടേക് പുറപ്പെട്ടു. അതിവേഗതയും ആകുലതയും ചേർന്ന ആ യാത്ര ചെന്നെത്തിയത് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ മുന്നിലാണ്. വീൽ ചെയറുമായി പാഞ്ഞടുത്ത ആശുപത്രി ജീവനക്കാർ അപകടം പറ്റിയ ആളെയും കൊണ്ട് ചില്ലു ഗ്ലാസുകള്‍ കൊണ്ട് മറച്ച റൂമിലേക്കു മറഞ്ഞു.
അത്യാഹിതവിഭാഗവാർഡിന് മുന്നിലെ വരാന്തയിൽ ഇരുപുറത്തുമായി നിരത്തിയിട്ട കസേരകളിൽ ഒന്നിലായിരുന്നു ഞാൻ. അത്യാഹിതം ബാധിച്ചവർ പലമട്ടിൽ ട്രോളിയിൽ അകത്തേക്കു തള്ളിക്കൊണ്ടു പോകപ്പെട്ടു. വാതിൽ തുറന്ന് പുറത്തേക്കു തലനീട്ടുന്ന ഡോർക്ടർക്കുചുറ്റും രോഗികളുടെ കൂട്ടിരിപ്പുകാർ പാഞ്ഞടുത്തും പിൻതിരിഞ്ഞ് കസേരയിൽ വന്നിരുന്നും ഒരു സായാഹ്നം അത്രമേൽ ഉദ്യേഗഭരിതമായി എന്നിൽ ഇടപെട്ടു.
ഡോക്ടർ അനുവദിച്ച ഊഴമൊന്നിൽ ഞങ്ങൾ അകത്തേക്കുകയറി രോഗിയെ കണ്ടു. നെഞ്ചുകൂടാകെ പലതരം കുഴലുകൾ ഘടിപ്പിക്കപ്പെട്ട് ഓരോ ശ്വാസമെടുപ്പും എങ്ങൊക്കെയോ ഉരഞ്ഞുരഞ്ഞെന്നവിധം ശബ്ദപ്പെടുന്ന ആ അത്യദ്ധ്വാനത്തിലേക്ക് ഞാനേറെ നേരം നോവുതിന്നുനിന്നു. അനുവദിക്കപ്പെട്ട സമയത്തിനകം കാഴ്ച വിഛേദിക്കപ്പെട്ടു. തിരിച്ച് ഞാനതേ വരാന്തയുടെ കസേരയിൽ വന്നിരുന്നു. രോഗിയിൽനിന്നും എനിക്കൊപ്പം ഇറങ്ങിപ്പോന്ന ശ്വാസോഛ്വാസ തരംഗാവലി തൊണ്ടയിൽ കുരുങ്ങി എന്റെ ശ്വാസത്തിനൊത്ത് ഈണപ്പെടാൻ തുടങ്ങി.
രാവ് കനക്കുകയാണെന്ന് വരാന്തയുടെ അങ്ങേയറ്റത്തെ ഒരു ചീന്ത് ആകാശം സൂചിപ്പിച്ചു. തേഞ്ഞചക്രങ്ങൾ മുരളുന്ന ഉന്തുവണ്ടിയിൽ ഒരു പെൺകുട്ടിയെ അകത്തേക്കു കൊണ്ടുപോയി. പിന്നാലെ കരഞ്ഞു മാറത്തടിച്ചുവന്ന അവളുടെ അമ്മ വാതിലിനുവെളിയിൽ വെറുംനിലത്ത് കൂനിക്കൂടിയിരുന്നു. കസേരയുണ്ടായിട്ടും അവരെന്തിനാണ് നിലത്തിരിക്കുന്നത് എന്നൊരു ആലോചന എന്നെ പൊതിഞ്ഞു. പെറ്റവയറല്ലേ, അങ്ങനെയിരുന്നാലേ അവർക്കൊരാശ്വാസംകിട്ടൂ എന്നൊരുത്തരത്തിൽ എനിക്ക് കണ്ണുനിറഞ്ഞു. പാമ്പുകടിച്ചതാണ്. ഒറ്റ ഇഞ്ചക്ഷന് വലിയ വിലയാണ്. കൂട്ടുവന്നവർ പരസ്പരം കാശുശേഖരിച്ച് മരുന്നുവാങ്ങാൻ പോയി. അവിചാരിതമായി നിലത്തിറ്റിവീണ ഒറ്റക്കണ്ണീരുപോലെ ആ അമ്മ.
പിറ്റേ ദിവസം പ്രാവാസത്തിലേക് തിരികെ മടങ്ങേണ്ട എന്റെ മനസ്സിൽ ഈ അപകടം വരുത്തിയ നോവ് ഇരട്ടിയായിരുന്നു.വേനലിന്റെ വയ്തല തിളങ്ങുന്ന മരുഭൂമി എന്നെയും കാത്ത് പാലത്തിനപ്പുറത്തു നിൽപ്പുണ്ട്. അത്യാഹിതങ്ങൾ മാത്രം കണ്ണിൽ തെളിയുന്ന ആ നിമിഷങ്ങൾക് ഏറെ ദൈർഘ്യത തോന്നി. ഭാര്യയെ ഫോണെടുത്തു വിളിച്ചു. അവസ്ഥകൾ വിവരിച്ചപ്പോൾ ഒന്നും ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടൊപ്പം അവളും ചേർന്നു . അൽപനേരം മൗനം കൈമാറി ഞങ്ങൾ ഫോൺ കട്ട് ചെയ്തു.
വരാന്തയിലിരുപുറവും വിതാനിച്ച സ്റ്റീൽക്കസേരകൾ രാത്രിയുടെ മോണപോലെ തിളങ്ങി. അതിൽ അവിടവിടെ ചില മനുഷ്യർ. ഒരുന്തുവണ്ടിയുടെ ചക്രശ്വാസം അടുത്തടുത്തു വരുന്നുണ്ട്. അല്പനേരത്തിനുശേഷം അതു കാണായി. തീരെ എല്ലിച്ചൊരു വൃദ്ധ. പിന്നാലെ അവരുടെ ഗ്ലൂക്കോസുകുപ്പി ഉയർത്തിപ്പിടിച്ച് മറ്റൊരു വൃദ്ധൻ. കുപ്പിയിൽനിന്ന് വൃദ്ധയുടെ കൈത്തണ്ടയിലേക്കൊരു ഗ്ലൂക്കോസുകുഴൽ.
മറ്റൊരു അപകടം നടന്ന പെൺകുട്ടിയെ മെഡിക്കൽകോളേജിലേക്കു കൊണ്ട് വരുന്നതിന്റെ അലമുറകൾ വരാന്തയിൽ പടർന്നു. ട്രോളിയിലോഴുകി ആംബുലൻസിലെത്തി. നിലവിളിയോടെ വാഹനം ഇരുളുചീന്തി കുതിച്ചു പാഞ്ഞു. കൂട്ടിരുപ്പുകാർക്ക് നിബന്ധന നിലനിൽക്കുന്ന ഇടത്തെ എന്റെ സ്ഥാനം നഷ്ടമായി. പരുക്ക് പറ്റിയ ആളുടെ മകളും ഭാര്യയും എത്തി. ആശ്വാസവാകുകളുടെ അകമ്പടിയോടെയാണ് ഒരു കൂട്ടം ആളുകൾ അവരെ വരവേറ്റത്. കൊണ്ട് വന്ന ആളാ… നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അയാളോട് ചോദിക്. ഒന്നും ചോദിക്കാനാവാതെ സങ്കടമെറിഞ്ഞ അവരുടെ മുഖത്തേക് സമാധാനത്തിന്റെ ചെറു വാക്കുകൾ ഞാനും പങ്കുവെച്ചു. യാത്ര പറഞ്ഞു അന്ന് പ്രാർത്ഥനയോടെ പിരിഞ്ഞ എനിക്ക് നിയോഗം പോലെ ആറു മാസങ്ങൾക്ക് ശേഷം പ്രവാസമണ്ണിൽ ലഭിച്ച അപ്രതീക്ഷിത ഫോൺ കാൾ ഒരു സന്തോഷ വാർത്തയായിരുന്നു. പൂർണ ആരോഗ്യവാനായ അന്ന് ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയ ആ വ്യക്തി അപരിചിതനായ എന്റെ ഫോൺ നമ്പർ നാട്ടിൽ നിന്നും സംഘടിപ്പിച്ചു എന്നെ വിളിച്ചു എന്നതാണ്. റോഡരികിൽ അപകടം കാൺകെ വണ്ടിയെടുത്തും മുഖം തിരിച്ചും പോവുന്നവർക്ക് നഷ്ടപെടുന്ന ചില സുന്ദര നിമിഷങ്ങൾ കൂടിയാണിത്. അൽപ നേരത്തെ സഹജീവികളോടുള്ള ആ കരുതൽ വിലപ്പെട്ട ജീവനുകൾ തിരികെപിടിക്കാനുള്ളത് കൂടിയാണ്.