ജീവൻ രക്ഷിക്കാനായി രക്തം നൽകി, പകരം തണലേകാനായി ഫലവൃക്ഷത്തൈ; മുചുകുന്ന് യു.പി സ്കൂളിൽ ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ മെഗാ രക്തദാന ക്യാമ്പ്
കൊയിലാണ്ടി: മുചുകുന്നിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റി കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയുടെ സഹകരണത്തോടെ മുചുകുന്ന് യു.പി സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഖില, രജീഷ് മണിക്കോത്ത്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അനു തോമസ്, ഗിഫ്റ്റ് ഓഫ് ഹാർട്ട് അംഗങ്ങളായ രഞ്ജിത്ത് മുചുകുന്ന്, പ്രജീഷ് പാലാട്ട്, ശ്രീജിത്ത് പുതുപ്പാടി എന്നിവർ സംസാരിച്ചു. അഡ്വ. ശ്രീജിത്ത് കുമാർ അരങ്ങാടത്ത് സജീവ സാനിധ്യമായി.
അൻപതിലേറെ ആളുകളാണ് ക്യാമ്പിൽ രക്തം ദാനം ചെയ്തത്. രക്തദാതാക്കൾക്ക് ഫലവൃക്ഷതൈകൾ ഉപഹാരമായി നൽകി. വരും കാലങ്ങളിൽ ഭൂമിക്ക് തണലേകാനായി മെയ്ത്ര ആശുപത്രി ബ്ലഡ് ബാങ്ക് ഓഫീസർ ഡോ. അനു തോമസും അഡ്വ. ശ്രീജിത്ത് കുമാർ അരങ്ങാടത്തും സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷ തൈ നട്ടു.