കരുതലോടെ പ്രതിരോധിക്കാം അഞ്ചാംപനിയെ; രോഗ ലക്ഷണങ്ങളും, മുൻകരുതലുകളും എന്തെല്ലാമെന്ന് അറിയാം
നാദാപുരം : നാദാപുരത്തും സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് ജനങ്ങൾ.ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിർദേശവുമായി ആരോഗ്യ വകുപ്പും കൂട്ടിനുണ്ട്. രോഗങ്ങളെ അകറ്റി നിർത്താൻ പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കണമെന്നും അവർ പറയുന്നു. എന്തെന്നാൽ നാദാപുരത്ത് രോഗം സ്ഥിരീകരിച്ച കുട്ടികളിൽ ആരും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നതും ആശങ്ക ഉയർത്തുന്നു. അഞ്ചാംപനി പടരുന്നത് തടയേണ്ടത് എങ്ങനെയെന്നും പ്രതിരോധ മാർഗങ്ങൾ എന്തെല്ലാമെന്നും വിശദമായി നോക്കാം.
മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് അഞ്ചാംപനി. കുഞ്ഞുങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. രോഗം ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം.ചിലര്‍ക്ക് അംഗവൈകല്യമാകും ഫലം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം എകദേശം 25 ലക്ഷം കുട്ടികള്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ട്. നിരവധി മരണങ്ങളും സംഭവിക്കുന്നു. 6 മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കൂട്ടികളിലാണ് അഞ്ചാം പനി സാധാരണയായി കണ്ട് വരുന്നത്.കൗമാരക്കാരിലും പ്രായമായവരിലും ഈ രോഗം ഉണ്ടാകാറുണ്ട്. എന്നാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന അത്ര ഗുരുതരമാകാറില്ല.
അഞ്ചാംപനിയെ പലപ്പോഴും കുട്ടിക്കാലത്ത് ബാധിക്കുന്ന രോഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഏത് പ്രായത്തിലുമുള്ളവരെയും ഇത് ബാധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. മിക്ക ആളുകള്‍ക്കും ഒന്നിലധികം തവണ രോഗം പിടിപെടാറില്ല എന്നത് ആശ്വാസകരമാണ്.
അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍
വായുവിലൂടെ പകരുന്ന രോഗമാണ് അഞ്ചാം പനി. കടുത്ത പനി, ജലദോഷം, ചുമ, ദേഹത്ത് ചുവന്ന പാടുകള്‍, കണ്ണില്‍ ചുവപ്പ് കാണപ്പെടുക, കണ്ണില്‍ നിന്ന് വെളളം വരിക, വയറിളക്കം, ചെവിയുടെ പുറകിലും ദേഹത്തും കുരുക്കള്‍, ചെവിയില്‍ പഴുപ്പ്, അപസ്മാരം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍.
രോഗം വരാനുളള സാഹചര്യം
രോഗി സംസാരിക്കുമ്പോള്‍ വായില്‍ നിന്നും ഉമിനീര് മറ്റൊരാളിലേക്ക് പടരുക വഴി രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. തൂവാല മുഖേന ശ്രവം ശരീരത്തിലേക്ക് പ്രവേശിക്കുന്നതും രോഗപ്പകര്‍ച്ചക്കിടയാക്കും.രോഗി തുമ്മുന്നതും ചുമക്കുന്നതുമെല്ലാം രോഗം പടര്‍ത്താനിടയാക്കും. രോഗിയുമായി മുഖാമുഖം സമ്പര്‍ക്കം വേണമെന്നില്ല. രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന 90 ശതമാനം ആള്‍ക്കാര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സാധാരണ ഗതിയില്‍ ഇതൊരു വൈറല്‍ പനിയാണ്. കൂടുതല്‍ ഭയപ്പെടേണ്ട കാര്യമില്ല. പക്ഷേ ചില ഘട്ടങ്ങളില്‍ കൂഞ്ഞൂങ്ങളില്‍ ഈ രോഗം ഗുരുതരമാകാറുണ്ട് എന്ന് ഓര്‍ക്കുക.നാല് ദിവസത്തില്‍ കൂടുതലുളള വിട്ട് മാറാത്ത പനി, ശ്വാസം എടുക്കുന്നതിനുളള പ്രയാസം, ഹൃദയ മിടിപ്പ് കൂടുക, പിച്ചും പേയും പറയുക, അപസ്മാരം, അതിസാരം തുടങ്ങിയവ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. അഞ്ചാം പനി മൂര്‍ച്ഛിച്ച് ന്യൂമോണിയ, മസ്തിഷ്കജ്വരം തുടങ്ങിയവ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
രോഗബാധിതര്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാലും ശ്രദ്ധയോടെയുള്ള പരിചരണം ആരോഗ്യനില മെച്ചപ്പെടുത്തും.അത്തരം പരിചരണത്തില്‍ ഓറല്‍ റീഹൈഡ്രേഷന്‍ ലായനി, ആരോഗ്യകരമായ ഭക്ഷണം, പനി നിയന്ത്രിക്കാനുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുത്താം.