‘ഭരണഘടനാതത്വങ്ങൾ തകർത്ത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുക’; കെ.എസ്.ടി.എ കോഴിക്കോട് ജില്ലാസമ്മേളനം


കോഴിക്കോട്: ഭരണഘടന തത്വങ്ങളെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയ സമീപനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറല്‍സത്തെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

മതനിരപേക്ഷ വിദ്യാഭ്യാസ സംരക്ഷണത്തിലൂടെ വൈജ്ഞാനിക വികസിത കേരളം സാധ്യമാക്കുക, വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ പ്രക്രിയ ത്വരിതപ്പെടുത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അംഗീകരിച്ചു.

കെഎസ്ടിഎ 32ആം വാര്‍ഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചറും പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്തു. ഡോ. എം സി അബ്ദുള്‍ നാസര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ ഉദ്ഘാടന ഭാഷണം നടത്തി.

സമ്മേളനത്തിന്റെ ഭാഗമായി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ സംഘടിപ്പിച്ച റാലിയില്‍ ജില്ലയിലെ നൂറുകണക്കിന് അധ്യാപകര്‍ പങ്കെടുത്തു.സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് വൈസ് പ്രസിഡണ്ട്, സി.സി. വിനോദ് കുമാര്‍, സംസ്ഥാന എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി. രാജീവന്‍ ,പി.എസ്.എസ്. സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശന്‍, കെ.എന്‍. സജീഷ് നാരായണന്‍, കെ ഷാജിമ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എന്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡി.കെ. ബിജു നന്ദിയും പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.സി. മഹേഷ് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ആര്‍.എം. രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം ഷീജ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ സംഘടിപ്പിച്ച റാലിയില്‍ ജില്ലയിലെ നൂറുകണക്കിന് അധ്യാപകര്‍ പങ്കെടുത്തു.

ഭാരവാഹി തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടന്നു. എന്‍ സന്തോഷ് കുമാറിനെ പ്രസിഡണ്ടായും ആര്‍.എം. രാജനെ സെക്രട്ടറിയായും വി.പി. സദാനന്ദനെ ട്രഷററായും തിരഞ്ഞെടുത്തു. വി.വി. വിനോദ്, വി.ടി. രതി, എം. ഷീജ, എം. ജയകൃഷ്ണന്‍ എന്നിവരെ വൈസ് പ്രസിഡണ്ട്മാരായും വി.പി. മനോജ്, കെ. നിഷ, ടി. ദേവാനന്ദന്‍, പി.കെ. രാജന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.