‘പുളിയഞ്ചേരിക്കാർക്ക് അവരുടെ വായനയെ ഹരിതാഭമാക്കുന്ന പെൺകുട്ടിയുടെ പേരാണ് നീലാംബരി’; മണിശങ്കർ എഴുതുന്നു



മണിശങ്കര്‍
ണപ്പൂക്കളത്തില്‍ പച്ചയുടെ കള്ളി നിറയ്ക്കാന്‍ കുട്ടിക്കാലത്ത് പറമ്പില്‍ കണ്ട ചെടിയുടെ പേരായിരുന്നു നീലാംബരി. ശങ്കരാഭരണത്തിന്റെ ജന്യരാഗമായ നീലാംബരി കാരുണ്യവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഓമനത്തിങ്കളായി ബാല്യത്തില്‍ നമ്മേ പാടി ഉറക്കിയവളാണ്. കറുത്ത മുടിയെ വെളുപ്പിക്കാനും കണ്ണിന് കാഴ്ചയേകാനും കഴിവുള്ള ചെടി – നീല അമരിയുടെ വിളിപേരും നീലാംബരി ആയതിനാല്‍ മനസില്‍ നിന്ന് മാഞ്ഞ് പോകാതെ എന്നും ഒപ്പമുണ്ടായിരുന്നു ഈ പേര്.

പുളിയഞ്ചേരിക്കാര്‍ക്ക് നീലാംബരി അവരുടെ വായനയെ ഹരിതാഭമാക്കുന്ന പെണ്‍കുട്ടിയുടെ പേരാണ്. ഈ പേരിന്റെ ഉടമയായ നാട്ടുകാരി കഴിഞ്ഞ ഏഴ് വര്‍ഷമായി വായനാ മാസത്തില്‍ തന്റെ ജന്മദിനത്തിന്റെ പേരില്‍ വായനശാലയ്ക്കും സ്‌കൂളിനും പുതിയ പുസ്തക കെട്ടുമായി വരുന്നു. അഞ്ചാം വയസ്സ് മുതലാണ് നീലാംബരി ഈ അക്ഷര യാത്ര തുടങ്ങിയത്. ഒപ്പം പഠിക്കുന്ന കുട്ടികള്‍ക്കും നാട്ടിലെ കെ.ടി.എസ് ലൈബ്രറിക്കും ജന്മദിനത്തില്‍ പുസ്തകം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് സ്‌കൂളിനും വായനശാലയ്ക്കും പുസ്തകം സമ്മാനിക്കുന്നത് തുടര്‍ന്നു. ഒരോ വര്‍ഷം പിന്നിടുമ്പോഴും ലൈബ്രറികളുടെയും സ്‌കൂളിന്റെയും എണ്ണം കൂടി വന്നു. ഇത്തവണ പതിനൊന്നാം വയസ്സില്‍ പതിനൊന്ന് പുസ്തകങ്ങള്‍ വീതമാണ് അവള്‍ മൂന്ന് ലൈബ്രറികള്‍ക്കും രണ്ട് വിദ്യാലയത്തിനും നല്കിയത്.

തനിക്ക് ഒരോ വയസ് കൂടുമ്പോഴും നാട്ടിലെ വായനയുടെ ഇഴയടുപ്പം കൂടുന്നതിന്റെ നിറവിലാണ് നീലാംബരിയുടെ ഒരോ പിറന്നാള്‍ കാലവും കടന്നു പോകുന്നത്. അതിന്റെ സന്തോഷം അവള്‍ക്കു മാത്രമല്ല, അവളുടെ കുടുംബത്തിന് ഒട്ടാകെയുമുണ്ട്. നീലാംബരിയുടെ അമ്മ രശ്മി നല്ലൊരു വായനക്കാരിയും ഗ്രന്ഥശാല പ്രവര്‍ത്തകയുമാണ്. തിരക്ക് പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും ഗ്രന്ഥശാലകളെ പരിപോഷിപ്പിച്ച് നീലാംബരിയുടെ പ്രായം അടയാളപ്പെടുത്തുന്ന കെ.ടി.സിജേഷ് സി.പി.എം ആനക്കുളം ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമാണ്.