ലഹരിയ്‌ക്കെതിരെ പൊരുതാനുറച്ച് കൊയിലാണ്ടി നഗരസഭ; ലഹരി കേന്ദ്രങ്ങളാവുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കാനും ജനകീയ കൂട്ടായ്മ രൂപീകരിച്ച് ലഹരി മാഫിയയെ തുരത്താനും തീരുമാനം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നഗരസഭയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പൊരുതാന്‍ തീരുമാനം. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ നടന്ന ആലോചന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, ലഹരി വില്‍പ്പന വ്യാപകമായ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റസിഡന്‍സ് അസോസിയേഷന്‍, റെയില്‍വേ, പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ലഹരിയ്‌ക്കെതിരെ പൊരുതാനാണ് തീരുമാനം. റെയില്‍വേയുടെയും നാട്ടുകാരുടെയുമൊക്കെ സഹകരണം ഉറപ്പാക്കി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ കാടുപിടിച്ച ഇടങ്ങളിലെ കാടുവെട്ടി വൃത്തിയാക്കാന്‍ തീരുമാനിച്ചു. ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇവിടെയുള്ള ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുണ്ട്. അതിനാല്‍ ഈ വീടുകള്‍ പൊളിക്കാന്‍ നോട്ടീസ് കൊടുക്കുകയോ വൃത്തിയാക്കി വാടകയ്ക്ക് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യും. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ വരുംദിവസമുണ്ടാകും.

യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.രമേശന്‍, പിങ്ക് പൊലീസ് ഓഫീസര്‍ രേഖ കെ.എം, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍, വുമണ്‍ ഓഫീസര്‍ എക്‌സൈസ് ഷൈനി ബി.എന്‍ എന്നിവര്‍ പങ്കെടുത്തു.