ഇടുക്കിയിൽ മകനെയും കുടുംബത്തെയും പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി; കുടുംബ വഴക്കിനെ തുടർന്നുള്ള ആസൂത്രിത കൊലപാതകമെന്ന് നിഗമനം; പ്രതി പിടിയിൽ


ഇടുക്കി: തൊടുപുഴയില്‍ പിതാവ് വീടിന് തീയിട്ട് മകനടക്കമുള്ള നാല് പേരെ കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് എഴുപത്തിയൊൻപതുകാരനായ ഹമീദാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

ഫൈസലും കുടുംബവും ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഹമീദ് പെട്രോള്‍ ഒഴിച്ച്‌ വീടിന് തീയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വാട്ടര്‍ കണക്ഷനുകളല്ലാം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇതിന് കഴിഞ്ഞില്ല. നാല് പേരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരണപെട്ടു.

കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് തന്നെയാണ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിച്ചത്. അതിനെത്തുടർന്ന് അയൽക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. കഴിഞ്ഞ മൂന്നുവർഷമായി ഹമീദും മകനുമായി തർക്കമുണ്ടായിരുന്നുവെന്നാണ് അയല്വാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.

രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. ഒടുവിൽ നാട്ടുകാർ തൊടുപുഴ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ശേഷം തൊടുപുഴ അവരെത്തിയാണ് തീ അണച്ചത്. എങ്കിലും ഫൈസലിനെയും കുടുംബത്തെയും രക്ഷിക്കാനായില്ല.

ഹമീദും മകന്‍ ഫൈസലും തമ്മില്‍ നേരത്തെ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഫൈസലിനെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും കത്തിച്ച്‌ കളയുമെന്നും ഹമീദ് നേരത്തെ നാട്ടുകാരായ പലരോടും പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ പല തവണ നാട്ടുകാര്‍ മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നങ്കിലും പരാജയപ്പെടുകയായിരുന്നു.