വയനാട്ടില്‍ നിന്ന് വില്‍പ്പനയ്ക്കായി കഞ്ചാവെത്തിച്ചു; കൊടുവള്ളിയില്‍ നിന്ന് യുവാവിനെ കയ്യോടെപൊക്കി പൊലീസ്


കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ ചെറുകിട വില്പനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍, പറവണ്ണ, മന്നിങ്ങാന്റെ ഹൗസ്, അബ്ദുല്‍ നാസര്‍ എന്നാളെയാണ് കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ വെച്ച് പിടികൂടിയത്. റൂറല്‍ എസ് പി. ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

വയനാട്ടില്‍ നിന്നും കഞ്ചാവ് സംഘടിപ്പിച്ച് കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ ചെറുകിടക്കാര്‍ക്ക് വില്പന നടത്താനായി കൊണ്ട് പോകുമ്പോഴാണ് അബ്ദുല്‍ നാസര്‍ പിടിയിലായത്. നേരത്തേ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുള്ള നാസര്‍ ജയിലില്‍ നിന്നും പരിചയപ്പെട്ട സംഘങ്ങള്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കഞ്ചാവ് വില്പന നടത്തുന്നത്. വയനാട്ടിലെയും, കാസര്‍ഗോഡിലെയും മൊത്തകച്ചവടക്കാരില്‍ നിന്ന് കിലോക്ക് 15,000 രൂപയ്ക്കു വാങ്ങി 500 രൂപയുടെ പൊതികളാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 80 കിലോയോളം കഞ്ചാവും, മാരക ലഹരി മരുന്നുകളായ എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍ എന്നിവയും റൂറല്‍ എസ് പിയുടെ സംഘം പിടികൂടിയിട്ടുണ്ട്.

താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടി, നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അശ്വകുമാര്‍, കൊടുവള്ളി ഇന്‍സ്പെക്ടര്‍ എംപി. രാജേഷ്, എന്നിവരുടെ നേതൃത്വത്തില്‍ കൊടുവള്ളി എസ്.ഐ. അഷ്റഫ്.പി.കെ. ,ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, സുരേഷ്.വി.കെ, ബിജു.പി, എസ്.സി.പി.ഒ. ശ്രീജിത്ത്. കെ.വി., ലിനീഷ്. കെ.കെ, അബ്ദുല്‍റഹീം, ബിജീഷ് , എസ്.ഒ.ജി. അശോകന്‍.എ, എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.