മക്കത്തെക്കല്ല്; മരുക്കാറ്റില്‍ അസര്‍മുല്ല മണത്തോടൊപ്പം തേടിയെത്തിയ ഓര്‍മകള്‍ | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ കെ.പി.എ റഷീദ് എഴുതുന്നു


 

കെ.പി.എ റഷീദ്, കൊല്ലം

“God gave us memory so that we might have roses in December”: James M. Barrie

ചില ഗന്ധങ്ങൾ അങ്ങനെയാണ്. സ്മൃതിമണ്ഡലത്തെ തൊട്ട് അവ ഓർമ്മയുടെ തിരയുണർത്തുന്നു. ചില ഗന്ധങ്ങളോ, ഉണരുന്നതേ ബോധമണ്ഡലത്തിൽ തന്നെ.

അല്ലെങ്കിൽ, അസറാപ്പൂക്കളുടെ പരിമളംകുറഞ്ഞ ഗന്ധം എവിടെ നിന്നാണ് മരുക്കാറ്റിൽ കലർന്ന് ഓർമ്മകളെ തഴുകാൻ ഈ നരച്ചപ്രഭാതത്തിലേക്ക് കയറിവന്നത്? ജനാലച്ചില്ലിനും പൊടിക്കാറ്റിന്റെ നേർത്ത ആവരണത്തിനുമപ്പുറം ഒരേ വർണത്തിലുള്ള കെട്ടിടങ്ങളും, ഇടവിടാതെ കാറുകൾ ചീറിപ്പായുന്ന നിരത്തുകളും, ഇടയ്ക്ക് ഈന്തപ്പനകളുടെ ഒറ്റപ്പെട്ട പച്ചക്കുടകളും മാത്രം. പിന്നെ എങ്ങുനിന്ന് ?

പള്ളികളിൽനിന്നുള്ള അഞ്ചുനേരത്തെ ബാങ്ക് വിളികൾക്കൊത്ത് സമയനിർണയം നടത്തിയിരുന്ന മലബാറിലെ നാട്ടിൻപുറങ്ങളിൽ, അസർബാങ്കിനോടടുപ്പിച്ചു കണ്മിഴിക്കുന്ന നാലുമണിപ്പൂക്കളെ അസർമുല്ലകളെന്നും, കുറേക്കൂടി ഗ്രാമ്യമായി അസറാപ്പൂക്കളെന്നും വിളിച്ചു. വീട്ടുമുറ്റത്തു നിറഞ്ഞുവളർന്ന പനിനീർചെടികൾക്കും ചെമ്പരത്തികൾക്കും നന്ത്യാർവട്ടത്തിനുമിടയിൽ, വെളുപ്പും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള അസറാപ്പൂക്കൾ, അപകർഷതയാർന്ന് വൈകിവിടരുകയും നേരത്തെ കൊഴിയുകയും ചെയ്തു. പുത്തൻകാലത്തെ മികവുംമിഴിവുമാർന്ന ഓർക്കിഡുകളുടെയും ആന്തൂറിയങ്ങളുടെയും തള്ളിക്കയറ്റത്തിൽ, മുറ്റത്തുനിന്നല്ല, മനസ്സിൽനിന്നുകൂടി മാഞ്ഞുപോയ അസറാപ്പൂക്കളുടെ പരിചിതഗന്ധം തൊട്ടുണർത്തുന്നത് ഒരു കാലത്തെ.

പരിമളംകുറഞ്ഞ അസറാപ്പൂക്കളും, മദിപ്പിക്കുന്ന മണമുള്ള ഇലഞ്ഞിപ്പൂക്കളും, പൊട്ടിയ കുപ്പിവളകളുടെ തുണ്ടുകളും കൊണ്ട് മാലകൾ കോർക്കുമായിരുന്നു ആദ്യത്തെ കൂട്ടുകാരായ മൂത്തസഹോദരിമാർ. പൂവിറുത്തും, ഇടവഴിയിൽ വീണുകിടക്കുന്ന ഇലഞ്ഞിയും പിഷാരികാവിലെ കളിയാട്ടച്ചന്ത ഒഴിയുന്നിടത്തുനിന്നുള്ള വളപ്പൊട്ടുകളും ശേഖരിച്ചും, അവരുടെ വാലായിനടന്നു. അവരുടെ കൈപിടിച്ചുതന്നെയാണ് സ്കൂളിൽ പോയിത്തുടങ്ങിയതും.

കാലത്ത് ഒൻപതുമണിവരെ മദ്രസയും, അതുകഴിഞ്ഞാൽ പള്ളിക്കൂടവുമായി രൂപമാറ്റം ചെയ്തിരുന്ന ചെറിയ കെട്ടിടത്തിനു മുന്നിൽ ചീനയിൽനിന്നുള്ള കച്ചവടക്കാർ സ്ഥാപിച്ച പുരാതനമായ പള്ളിയും, ഖബർസ്ഥാനും. തൊട്ടടുത്തു തന്നെയുള്ള പള്ളിമൈതാനത്തെ പഞ്ചാരമണലിലായിരുന്നു വെള്ള കുഞ്ഞിമുണ്ടുടുത്ത ആണ്‍കുട്ടികളും, ഇരുവശം മുടിപ്പിന്നുകൾ കുത്തിയുറപ്പിച്ച നിറപ്പകിട്ടുള്ള തട്ടച്ചിറകുകളിൽ പൂമ്പാറ്റകളെപ്പോലെ തോന്നിച്ച പെണ്‍കുട്ടികളും സ്വാതന്ത്ര്യത്തോടെ ഓടിക്കളിച്ചിരുന്നത്.

മൈതാനത്തിന്റെ അതിരിൽ നനവാർന്ന തീരവും, അനാദിയായ അറബിക്കടലും. ഒരു കാലത്ത് അറബികളുടെയും ചീനരുടെയും പത്തേമാരികളും, പറങ്കികളുടെ പടക്കപ്പലുകളും നങ്കൂരമിട്ടിരുന്ന പുരാതന തുറമുഖം, പന്തലായനി. ഈ മഹാസമുദ്രത്തിലാണ് കടലാസുതോണിയിറക്കാൻ സുഹൃത്തുക്കളായ ഫൈസലിനും ഹാഷിമിനും ബഷീറിനുമൊപ്പം സ്കൂളിലെ ഉച്ച ഇടവേളയിൽ ഇറങ്ങിയതും നിലതെറ്റി തിരകളിൽപ്പെട്ടതും. ആരൊക്കെയോ ചേർന്നു കരക്കെത്തിച്ച ഞങ്ങളെ ഉണങ്ങുന്നതുവരെ വെയിലത്തുനിർത്തി, സൈനുദ്ദീൻ മാസ്റ്റർ. പിന്നീടായിരുന്നു ചുട്ട അടി.

പ്രിയസുഹൃത്ത് ഹാഷിം, കുഴൽക്കിണർ ജോലിക്കിടെ കൈയിലുണ്ടായിരുന്ന നീണ്ട ലോഹക്കുഴൽ അറിയാതെ വൈദ്യുത കമ്പിയിൽതട്ടി അകാലത്തിൽ മരണമടഞ്ഞു. ഹാഷിമായിരുന്നു മക്കത്തെക്കല്ലിന്റെ മായക്കാഴ്ച ആദ്യം കാണിച്ചു തന്നത്.

തുറമുഖനഗരത്തിന്റെ സമ്പന്നതയുടെ ശേഷിപ്പായി, അപൂർവമായി പള്ളിപ്പറമ്പുകളിൽനിന്ന് കിട്ടിയിരുന്ന ശരറാന്തലുകളുടെ പളുങ്കു മണികളായിരുന്നു ‘മക്കത്തെക്കല്ലുകൾ’. പുണ്യനഗരമായ മക്കയിലെമണ്ണിൽ നിറയെ ഇത്തരം കല്ലുകളാണെന്നും, അവ സൂര്യനുനേരെ പിടിക്കുമ്പോൾ കാണുന്ന വർണ്ണങ്ങളുടെ മഴവിൽക്കാഴ്ച സുവർക്കത്തിലെ വെയിൽ ആണെന്നും ആരൊക്കെയോ പറഞ്ഞ കഥ കേട്ട് വിസ്മയിച്ചത്!

രണ്ടാമതൊരുവട്ടം കൂടി സുവർക്കത്തിലെ വെയിലുകാണിക്കാൻ ഹാഷിമിന് പകരം കൊടുത്തത് മഞ്ചാടിക്കുരുകൾ. ആകാംക്ഷയായിരുന്നു. മഴവിൽവർണ്ണങ്ങളുടെ മൂടൽമഞ്ഞിനപ്പുറം, വാത്സല്യമാർന്ന രണ്ടു കണ്ണുകളുമുണ്ടോ?

മഷിത്തണ്ടും, മയിൽപ്പീലിയുടെ തുണ്ടുകളും, വാളൻപുളിയുടെ കഷണങ്ങളും സൗഹൃദത്തോടൊപ്പം പങ്കുവെച്ചിരുന്ന ആ കാലത്തോടൊപ്പം എന്റെ മഞ്ചാടികളും അവ വീണുകിടന്നിരുന്ന തൊട്ടാവാടിപ്പടർപ്പുകളും എവിടേക്കാണ്‌ പോയ്‌മറഞ്ഞത്?

ഓർമ്മകൾ അങ്ങനെയുമാണ്. ഒരു ചില്ലയിൽനിന്നു മറ്റൊന്നിലേക്കു ചാടുന്ന കുരങ്ങന്മാരെപ്പോലെ അവ. ഇപ്പോൾത്തന്നെ നോക്കൂ, മുന്നറിയിപ്പിലാതെ കടന്നുവന്ന ഒരു വിസ്മൃതഗന്ധം, ഓർമ്മയുടെ ഏതൊക്കെ ശിഖരങ്ങളെയാണു പിടിച്ചു കുലുക്കിയത്‌? അസറാപ്പൂ, ചീനംപള്ളി, ഹാഷിം, മക്കത്തെക്കല്ല്, മഞ്ചാടി…

മുതിർന്ന ഒരാൾക്ക് ഏതു പ്രായം മുതലുള്ള ഓർമ്മകൾ ഉണ്ടായിരിക്കും? സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നത് ഒരു കുഞ്ഞു ജനിക്കുന്നത് ഓർമ്മിക്കാനുള്ള അപാരമായ കഴിവുമായാണ് എന്നാണ്. എന്നാൽ, ഏതാണ്ട് രണ്ടു മുതൽ നാലു വയസ്സുവരെയുള്ള പ്രായത്തിനിടയിൽ സംഭവിക്കുന്ന infantile amnesia എന്നു വിളിക്കപ്പെടുന്ന മറവി, അതുവരെയുള്ള ഓർമ്മകളെ മായ്ച്ചു കളയുമത്രേ. പേടിപ്പെടുത്തുന്നതോ മറ്റുരീതികളിൽ മനസ്സിൽ തറച്ചുപോകുന്നതോ ആയ സംഭവങ്ങൾ മാത്രം ഈ അവസ്ഥയെ അതിജീവിക്കുമത്രേ.

അതുകൊണ്ടായിരിക്കാം, ചുഴിഞ്ഞെടുത്തപ്പോൾ കിട്ടിയ ഓർമ്മത്തുണ്ടുകളിൽ ആദ്യത്തേത് പോലീസ് മൊയ്തുവിനെക്കുറിച്ചായത്. അനുസരണക്കേട്‌ കാണിക്കുമ്പോളൊക്കെ വീട്ടുകാർ അടുത്ത വീട്ടിലെ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചിരുന്നത് മാഹിയിലെ തറവാട്ടിൽവെച്ച്.

ഒരു യാത്ര പുറപെടുന്ന മാതാപിതാക്കളോടൊപ്പം പോകാൻ ശഠിച്ചത് പിന്നത്തെ ഓർമ്മ. അത് കൊയിലാണ്ടിയിലെ വീട്ടിലെ, അസറാപ്പൂക്കൾ വിരിഞ്ഞുതുടങ്ങിയ ഒരു സായാഹ്നത്തിലായിരുന്നു. കറുപ്പും മഞ്ഞയും ചായമടിച്ച ടാക്സിക്കാറിന്റെ മുൻസീറ്റിലിരുന്ന് റോഡിനുകുറുകെക്കെട്ടിയ വർണ്ണക്കടലാസ്സുകൊണ്ടുള്ള തോരണങ്ങൾ ആഹ്‌ളാദത്തോടെ കണ്ടത്, പ്രിയപ്പെട്ട കോഴിക്കോട് നഗരത്തിന്റെ ആദ്യ ഓർമ്മ. യാത്ര ചെന്നുനിന്നിടത്ത് മരുന്നിന്റെ ഗന്ധം. പലകണ്ണികൾ അറ്റുപോയ ശൃംഖലയിൽ പിന്നെത്തേത്, ആശുപത്രിക്കട്ടിലിൽ ഉമ്മ. തിരക്കിട്ട് വന്നുപോകുന്ന നഴ്സുമാരും ആളുകളും. പിന്നീടുള്ള ഓർമ്മകളിൽ ഉമ്മയില്ല. അഥവാ, പിന്നീട് ഓർമ്മകളിലേ ഉമ്മയുള്ളൂ.

തൊട്ടടുത്തദിവസം, നിറയെ ആളുകൂടിയ വീട്ടിൽ, മേൽക്കട്ടികളുള്ള കട്ടിലിൽ കുറുകെ കിടന്നു അടുത്തുള്ള കിളിവാതിലിന്റെ മരഅഴികളിൽ ചവിട്ടികൊണ്ട് എന്തിനോ വാശിപിടിച്ചതും ഓർമ്മ. ആളൊഴിഞ്ഞപ്പോൾ ഉമ്മയില്ല, പകരം, പകർന്നുവെച്ച ജീവൻ, ഒരനിയത്തി.

ഉമ്മ അടുത്ത പെരുന്നാളിനു വരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്‌ ആര്? ഓർമ്മയില്ല. പിന്നെ പെരുന്നാളിനു വേണ്ടിയുള്ള കാത്തിരിപ്പ്. പെരുന്നാളിനു പുത്തൻ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അമ്മാവന്റെ കയ്യിൽ കൊടുത്തയച്ച ഉമ്മ പക്ഷേ, അതിനുമടുത്ത പെരുന്നാളിനേ വരുന്നുള്ളൂ എന്നു പറഞ്ഞത്, ഉപ്പാപ്പ (ഉമ്മയുടെ ഉപ്പ) ആയിരുന്നു.


READ ALSO: പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന


പെരുന്നാളുകളും സമ്മാനങ്ങളും പിന്നെയും വന്നു, ഉമ്മ മാത്രം ഇല്ല. എവിടെ മറഞ്ഞിരുന്നാണ് ഉമ്മ ഈ സമ്മാനങ്ങളും പുതുവസ്ത്രങ്ങളും കൊടുത്തയക്കുന്നത് ? സുവർക്കത്തിൽനിന്നെന്നു പറഞ്ഞു അനിയത്തിയെ നോക്കാൻ നിന്നിരുന്ന അവോമ്മ.

നേരത്തേപറഞ്ഞല്ലോ, സുവർക്കത്തിലെ വെയിലിന്റെ വർണ്ണമറക്കപ്പുറത്ത് തേടിപ്പോയ രണ്ടു കണ്ണുകളെപറ്റി.

പലയിടത്തുനിന്നായി കേട്ടുതുടങ്ങിയ കുഞ്ഞറിവുകൾ ചേർത്തുവെച്ച്, ഒരു ദിവസം ഉപ്പാപ്പയോടു ചോദിച്ചു, ഉമ്മ മരിച്ചുപോയതാണല്ലേ, എന്ന്.

ഒന്നും പറഞ്ഞില്ല. ചേർത്തുനിർത്തി മൂർദ്ധാവിൽ മുഖമമർത്തി, മെല്ലെ കവിളിൽ തലോടി.

ഓർമ്മകൾക്ക് ഇപ്പോൾ ബീഡിപ്പുകയുടെ ഗന്ധം. വാർദ്ധക്യം ഉണക്കിക്കളഞ്ഞ വിരലുകൾക്കു പക്ഷേ, അസറാപ്പൂവിന്റെ നനുപ്പ്.

ഓർമ്മകൾ ചിലപ്പോൾ സ്പർശങ്ങളുമാണ്‌. സ്നേഹത്തിന്റെ, അലിവിന്റെ, നനുത്ത സ്പർശങ്ങൾ.