ഇരട്ടിയിലേറെ വര്‍ദ്ധിച്ച് ഭൂരിപക്ഷം; മണിയൂരില്‍ എല്‍.ഡി.എഫിന്റേത് മിന്നും വിജയം



വടകര:
മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത്  340 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.ശശിധരന് 741 വോട്ടാണ് ലഭിച്ചത്.

1408 വോട്ടർമാരുള്ള വാര്‍ഡില്‍ 1163 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ മുഖ്യ എതിരാളി  യുഡിഎഫ് സ്ഥാനാർഥി ഇ.എം.രാജന് 401 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ഷിബുവിന് 21 വോട്ടും ലഭിച്ചു.

എൽഡിഎഫിലെ സിപിഐഎം പഞ്ചായത്തംഗമായിരുന്ന കെ പി ബാലൻ്റെ മരണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഇലക്ഷനില്‍ 107 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ പി ബാലൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്. തെരെഞ്ഞെടുക്കപ്പെട്ട എ.ശശിധരൻ മണിയൂർ യുപി സ്കൂൾ റിട്ട.അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജില്ലാ സെക്രട്ടറിയുമാണ്.

പഞ്ചായത്ത് ഭരണസമിതിയിലുള്ള 21 അംഗങ്ങളില്‍ എൽഡിഎഫിന്റെ 14 ഉം യുഡിഎഫിന്റെ 7 ഉം അംഗങ്ങളാണുള്ളത്. കക്ഷിനില സിപിഐഎം 12, സിപിഐ 1, എൽജെഡി 1, കോൺഗ്രസ് 5, ലീഗ് 2 എന്നിങ്ങനെയാണ്.