ചത്ത പന്നിയെ മാറ്റുന്നതിനിടെ ബൈക്കിടിച്ച് അപകടം; ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം.പാനല്‍ ഷൂട്ടര്‍ മുക്കം സ്വദേശി ബാലന്‍ അന്തരിച്ചു


കോഴിക്കോട്: ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം.പാനല്‍ ഷൂട്ടര്‍ ടി.കെ ബാലന്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു.

കാറിടിച്ച് ചത്ത പന്നിയെ മാറ്റുന്നതിനിടെ വെള്ളിയാഴ്ചയാണ് ബാലന്‍ ബൈക്കിടിച്ച് അപകടത്തില്‍പ്പെടുന്നത്. രാത്രി 10 മണിക്ക് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ ബാലന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടുകൂടി മരണപ്പെടുകയായിരുന്നു.

മുക്കം നഗരസഭ, കാരശ്ശേരി, മാവൂര്‍, ചാത്തമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലെ എംപാനല്‍ ഷൂട്ടര്‍ ആയിരുന്നു ബാലന്‍. സമീപകാലത്ത് കോഴിക്കോട് നഗരപരിധിയില്‍ തൊണ്ടയാട് ബൈപാസില്‍ പാലാഴി ഹൈലൈറ്റ് മാളിനു സമീപം വെടിവയ്ക്കുന്നതിനിടെ പരുക്കേറ്റെങ്കിലും സാഹസികമായി കാട്ടുപന്നിയെ കൊന്നിരുന്നു.

പൊലീസില്‍ ജോലി ചെയ്ത ബാലന്‍ എക്‌സൈസ് വകുപ്പില്‍നിന്ന് പ്രിവന്റീവ് ഓഫിസറായാണ് വിരമിച്ചത്. മുക്കം നഗരസഭയിലെ കച്ചേരി സ്വദേശിയാണ്.

[mid4[