‘എന്റെ സ്വര്‍ണ്ണം പോയാല്‍ എനിക്കുണ്ടാവുന്ന അതേ വിഷമം അല്ലേ അവര്‍ക്കും ഉണ്ടാവുക…’; വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക


കൊയിലാണ്ടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക. കെ.ആര്‍.എസിന് സമീപം താമസിക്കുന്ന പി.ടി.നാരായണിയാണ് വീണുകിട്ടിയ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേ മുക്കാലോടെയാണ് നാരായണിക്ക് ആഭരണം വീണുകിട്ടിയത്. തുടര്‍ന്ന് അവര്‍ ആഭരണത്തിന്റെ ഉടമയെ അന്വേഷിച്ചു. ഇതിനിടെയാണ് അവരുടെ സുഹൃത്ത് ഈ പരിസരത്ത് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത്. പ്രദേശത്തെ വാര്‍ഡ് മെമ്പറായ അജ്‌നാഫ് കാച്ചിയിലും സ്ഥലത്തെത്തി.

ആഭരണം ലഭിച്ച വിവരം ഇവര്‍ ഉടന്‍ തന്നെ ഉടമയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെമ്പര്‍ അജ്‌നാഫ് കാച്ചിയിലിന്റെ സാന്നിധ്യത്തില്‍ വൈകീട്ട് നാല് മണിയോടെ ആഭരണത്തിന്റെ ഉടമയായവഴിപോക്കില്‍ ജമീലയ്ക്ക് പാദസരം കൈമാറി.

പാരിതോഷികം വാഗ്ദാനം ചെയ്‌തെങ്കിലും നാരായണി അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. പകരമായി സന്തോഷം പങ്കുവയ്ക്കാനായി നല്‍കിയ മിഠായി മാത്രമാണ് നാരായണി സ്വീകരിച്ചത്.

ആഭരണം തിരിച്ച് കിട്ടിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷമാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന് നാരായണി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘എന്റെ ആഭരണം നഷ്ടപ്പെട്ടാല്‍ എനിക്കുണ്ടാവുന്ന അതേ വിഷമല്ലേ അവര്‍ക്കും ഉണ്ടായത്. എന്റെ ഭര്‍ത്താവ് മരിച്ചുപോയതാണ്. എനിക്ക് ജോലിയില്ല. വീട്ടില്‍ ദാരിദ്ര്യമാണ്. പക്ഷേ അവരുടെ വിഷമം മനസിലാക്കിയതുകൊണ്ടാണ് പാരിതോഷികം വേണ്ട എന്ന് പറഞ്ഞത്.’ -നാരായണി പറഞ്ഞു.

വെങ്ങളം ഡിവിഷനില്‍ നിന്നുള്ള മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സി.പി.എം അണ്ടിക്കമ്പനി ബ്രാഞ്ച് അംഗവുമാണ് പി.ടി.നാരായണി.