ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പോളിംങ് ശതമാനത്തില്‍ വന്‍ ഇടിവ്, കാലാവസ്ഥ കാരണമോ?, കാരണങ്ങള്‍ പലത് 


കോഴിക്കോട്: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണവും അതിലും വാശിയേറിയ തിരഞ്ഞെടുപ്പും അവസാനിച്ചിരിക്കുകയാണ്. ജൂണ്‍ നാലിന് ഫലപ്രഖ്യാപിനത്തിനായുളള കാത്തിരിപ്പാണ് ഇനി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തികച്ചും വേറിട്ട് നില്‍ക്കുന്നതാണ്. ഒരുപക്ഷെ കാലാവസ്ഥ തിരഞ്ഞെടുപ്പിനെ ബാധിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പും ഇതുതന്നെയായിരിക്കും. ഉഷ്ണതരംഗ മുന്നറിയിപ്പുകളും അതിതീവ്രമായ ചൂടും രാവിലെ 7മണിക്ക് ആരംഭിച്ച് വൈകീട്ട് 6 മണിയ്ക്ക് അവസാനിക്കേണ്ട തിരഞ്ഞെടുപ്പ് അര്‍ദ്ധ രാത്രിയോളം നീണ്ട കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.

ഇവയെല്ലാം തന്നെ പോളിംങ് ശതമാനത്തേയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ രാത്രി 11.47 ന് ആണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. രാവിലെ തന്നെ നീണ്ട ക്യൂ തുടങ്ങി. ചൂട് സഹിക്കാനാവാത്തതിനാല്‍ ഉച്ചയോടെ മന്ദഗതിയിലായി പിന്നീട് 4 മണിയോടെ ബൂത്തുകള്‍ വീണ്ടും സജീവമാവുകയും 6 മണിയ്ക്ക് ശേഷവും ആളുകള്‍ ക്യൂ നിന്ന് രാത്രി വരെ വോട്ട് രേഖപ്പെടുത്തുകയാണുണ്ടായത്. സമയക്രമം തെറ്റിയതിനാല്‍ പോളിംങ് ശതമാനത്തില്‍ 2019 ലേക്കാള്‍ വലിയ ഇടിവാണ് ഉണ്ടായത്.

സംസ്ഥാനത്ത് ഇത്തവണ 70.35 ശതമാനം ആണ് പോളിംങ് രേഖപ്പെടുത്തിയത്. 2019 ല്‍ 77.51 ശതമാനമായിരുന്നു പോളിംങ്. അതായത് വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. വോട്ടിംങ് ശതമാനത്തിന്റെ കാരണങ്ങള്‍ നിരവധിയാണ്. കാലാവസ്ഥ എടുത്തുപറയേണ്ട ഒന്നാണ്. ചൂട് കുറഞ്ഞതിന് ശേഷം വോട്ട് രേഖപ്പെടുത്താം എന്ന മനേഭാവമായിരിക്കാം, വൈകീട്ട് നേരിട്ട വലിയ ക്യൂ ആളുകളെ മടുപ്പിച്ചേക്കാം, രാത്രി ഏറെ വൈകിയതിനാല്‍ ഇത്രയും ബുദ്ധിമുട്ടി വോട്ട് ചെയ്യണോ എന്ന ചിന്ത ഉയര്‍ന്നിരിക്കാം, പ്രചരണത്തിലെ കുറവ് മൂലമാകാം, വോട്ടിംങ് യന്ത്രത്തകരാര്‍ മൂലം, കേരളത്തിലെ യുവജനതകള്‍ അന്യനാടുകളിലേയ്ക്ക പോയത്, തുടങ്ങി നിരവധി കാരണങ്ങള്‍ വോട്ടിംങ് കുറഞ്ഞതിനെപ്പറ്റി പറയപ്പെടുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പരസ്പരം സൈബര്‍ ആക്രമണങ്ങള്‍ വരെ വമ്പന്‍ ട്വിസ്റ്റ് നേരിട്ട മണ്ഡലമാണ് വടകര. ഇവിടെ വാശിയേറിയ പോരാട്ടമാണ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചരണം മുതല്‍ വോട്ടിംങ് രേഖപ്പെടുത്തല്‍ അവസാനം വരെ വടകര മണ്ഡലം കേരളം ഉറ്റുനോക്കുകയാണ്. 2019 ല്‍ 82.7 ശതമാനം പോളിംങ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 73.36 ശതമാനം മാത്രമാണ് പോളിംങ് നടന്നിട്ടുളളത്. വലിയ പ്രചാരണം നടത്തിയും പ്രവാസിമലയാളികളെ വോട്ടിനായി പ്രത്യേക വിമാനത്തില്‍ എത്തിച്ചും വാശിയേറിയ മത്സരമാണ് നടന്നത്. എന്നാല്‍ പോളിംങ് ബൂത്തുകളില്‍ ഈ പോരാട്ടം കാണാന്‍ കഴിഞ്ഞില്ല. പല ബൂത്തകളിലും യന്ത്രത്തകരാര്‍ഉള്‍പ്പെടെ നീണ്ട ക്യൂ കാരണം പലരും വോട്ട് രേഖപ്പെപ്പെടുത്താതെ തിരിച്ച് പോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

വടകര കോട്ടപ്പള്ളി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ 119-)ാം ബൂത്തില്‍ പത്ത് മണിക്ക് ശേഷം വോട്ട് ചെയ്യാന്‍ ക്യൂവിലുണ്ടായിരുന്നത് നൂറിലധികം പേരായിരുന്നു. പത്ത് മണിവരെ സ്ത്രീകളടക്കം 1040 പേരാണ് വോട്ട് ചെയ്തത്. അതിനിടെ നാദാപുരം പഞ്ചായത്തിലെ 171,172 ബൂത്തുകളില്‍ വോട്ടര്‍മാരും പോലീസും തമ്മില്‍ ഉന്തു തള്ളുമുണ്ടായി. ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വടകര വളയത്ത് വോട്ട് ചെയ്യാനെത്തിയ സത്രീ ഇതിനിടെ കുഴഞ്ഞ് വീണു മരിക്കുകയും ചെയ്തിരുന്നു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമിയാണ് മരിച്ചത്. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറുന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഓപ്പണ്‍ വോട്ടിനെചൊല്ലിയും വടകര മണ്ഡലത്തില്‍ പലയിടത്തും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിന് ശേഷമായിരുന്നു ഓപ്പണ്‍ വോട്ട് ചെയ്തത്. ഓപ്പണ്‍ വോട്ടില്‍ ക്രമക്കേടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ആരോപിച്ചിരുന്നു. അര്‍ദ്ധരാത്രിയിലാണ് വടകരയിലെ മിക്ക ബൂത്തുകളിലും പോളിംഗ് പൂര്‍ത്തിയായത്. ഇന്നലെ 79.08ശതമാനം പേരാണ് വടകരയില്‍ നിന്നും വോട്ട് ചെയ്തത്. 2019ല്‍ 82.7 ശതമാനമായിരുന്നു വടകരയിലെ വോട്ടിങ് നില. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ 84663 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്.

സംസ്ഥാനത്ത് ഇത്തവണ പോളിങ് ഏറ്റവുമധികം കുറഞ്ഞത് പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെ മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2019 ലെയും 2024 ലെയും സംസ്ഥാനത്തെ ഓരോ ജില്ലകളിലെയും പോളിംങ് ശതമാനം നോക്കാം.

കാസര്‍കോട്: 2024: 74.28%- 2019: 80.66%, വ്യത്യാസം: 6.38 % ( കണ്ണുര്‍- 2024: 75.74%, – 2019: 83.28% വ്യത്യാസം: 7.54 %

വടകര- 2024: 79.08% – 2019: 82.7% വ്യത്യാസം: 9.34%

വയനാട്- 2024: 72.85% – 2019: 80.37%- വ്യത്യാസം: 7.52%

കോഴിക്കോട്- 2024: 73.34%- 2019: 81.7% – വ്യത്യാസം 8.36%

മലപ്പുറം- 2024: 71.68%- 2019: 75.5%- വ്യത്യാസം: 3.82%

പൊന്നാനി- 2024: 67.93%- 2019: 74.98%- വ്യത്യാസം: 7.05%

പാലക്കാട്- 2024: 72.68%- 2019: 77.77%- വ്യത്യാസം: 5.09%

ആലത്തൂര്‍- 2024: 72.66%- 2019: 80.47%- വ്യത്യാസം: 7.81

തൃശൂര്‍- 2024: 72.11%- 2019: 77.94%- വ്യത്യാസം: 5.83%

ചാലക്കുടി- 2024: 71.68%- 2019: 80.51%- വ്യത്യാസം: 8.83%

എറണാകുളം- 2024: 68.10%- 2019: 77.64%- വ്യത്യാസം: 9.54%

ഇടുക്കി- 2024: 66.39%- 2019: 76.36%- വ്യത്യാസം: 9.97%

കോട്ടയം- 2024: 65.59%- 2019: 75.47%- വ്യത്യാസം: 9.88%

ആലപ്പുഴ- 2024: 74.37%- 2019: 80.35%- വ്യത്യാസം: 5.98%

മാവേലിക്കരെ- 2024: 65.88%- 2019: 74.33%- വ്യത്യാസം: 8.45%

പത്തനംതിട്ട- 2024: 63.35%- 2019: 74.3%

കൊല്ലം- 2024: 67.92%- 2019: 74.73%- വ്യത്യാസം: 6.81%

ആറ്റിങ്ങല്‍- 2024: 69.40%- 2019: 74.48%- വ്യത്യാസം: 5.08%

തിരുവനന്തപുരം- 2024: 66.43%- 2019: 73.74%

വോട്ടിംങ് ആരംഭിച്ചത് മുതല്‍ സംസ്ഥനത്തെ വിവിധ ബൂത്തുകളില്‍ വോട്ടിംങ് യന്ത്രം തകരാര്‍, ചിലയിടങ്ങളില്‍ സംഘര്‍ഷം, നീണ്ട ക്യൂ, മരണം, തുടങ്ങി നിരവധി സംഭവവികാസങ്ങളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്. സംസ്ഥാനത്തിലെ മറ്റ് മണ്ഡലങ്ങളിലും വാശിയേറിയ പോളിംങ് രേഖപ്പെടുത്തല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ എല്ലാം മാറിമറിയുകയാണുണ്ടായത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വളരെ അസ്വസ്ഥരാണ്. ജനവിധിക്കായി ബൂണ്‍ നാലിനായി ഉറ്റുനോക്കുകയാണ് കേരളം.