പരിക്കേറ്റ രോഗിയെപ്പോലും പരിഗണിക്കാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് മുറിയില്‍ മദ്യസല്‍ക്കാരം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം ആളിക്കത്തുന്നു


നാദാപുരം:  നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ഫീൽഡ് സ്റ്റാഫിന് അനുവദിച്ച മുറിയില്‍ മദ്യസല്‍ക്കാരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്  ഓഫിസിനകത്ത് മദ്യ സൽക്കാരം നടന്നത്. വളയം കുറ്റിക്കാട് പള്ളിയിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചവരും അവരെ കാണാന്‍ എത്തിയവരും ഈ മദ്യപാന സദസ്സ് കാണുകയും ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എച്ച്എംസി അംഗങ്ങളും സിപിഎം നേതാക്കളുമായ  സി.എച്ച്.മോഹനൻ, വി.കെ.സലീം, കോൺഗ്രസ് നേതാവ് കെ.ടി.കെ.അശോകൻ അടക്കമുള്ളവർ രാത്രി തന്നെ  ആശുപത്രിയിലെത്തി. ഇതിനിടയിൽ മുറിക്കകത്തു നിന്ന് ചിലർ ഓടിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്.ഒരാളെ തടഞ്ഞു വച്ചെങ്കിലും മദ്യലഹരിയിലായതിനാൽ വിട്ടയക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി മതിലിനു മുകളിൽ നിന്നു വീണു പരുക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സിക്കാൻ ഡോക്ടർ സന്നദ്ധനായില്ലെന്ന ആരോപണമടക്കം ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. എച്ച്എംസി അംഗങ്ങളുടെ സാന്നിധ്യത്തിൽ പൂട്ടിയ മുറി ഇന്നലെ രാവിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജയും ആശുപത്രി മെഡി.സൂപ്രണ്ട് ഡോ.എം.ജമീലയും എത്തിയ ശേഷം തുറന്ന് പരിശോധിച്ചപ്പോള്‍ അതിനകത്ത് നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മദ്യത്തിന്റെ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു.

മദ്യ സൽക്കാരം ആശുപത്രിയിൽ കനത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്. മാനേജിങ് കമ്മിറ്റി യോഗം ചേർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എച്ച്.എം.സി യോഗത്തിലേക്ക് പ്രകടനമായെത്തിയ മുസ്‌ലിം യൂത്ത് ലീഗുകാർ ഹാളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.  ഭരണ, പ്രതിപക്ഷ കക്ഷികളിൽ പെട്ട സി.എച്ച്.മോഹനൻ, കരിമ്പിൽ ദിവാകരൻ, കെ.ജി.അസീസ്, കെ.ടി.കെ.അശോകൻ, വാസു ആവോലം തുടങ്ങി എച്ച്.എം.സി യോഗത്തിൽ പങ്കെടുത്തവരെല്ലാം പ്രതികള്‍ക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ഡി.എം.ഒയ്ക്കും മെഡിക്കൽ സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. എച്ച്.എം.സി യോഗം ചേർന്ന് കുറ്റക്കാരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ പക്ഷം അവതരിപ്പിക്കാൻ മെഡിക്കൽ സൂപ്രണ്ടും നഴ്സിങ് സൂപ്രണ്ടും ശ്രമിച്ചെങ്കിലും അത് സിപിഎം നേതാവ് സി.എച്ച്.മോഹനൻ അടക്കമുള്ളവർ  എതിർത്തു. മദ്യക്കുപ്പികൾ കണ്ടെടുത്ത സ്ഥിതിക്ക് കൂടുതൽ ന്യായീകരണം ആവശ്യമില്ലെന്ന നിലപാടില്‍ എച്ച്.എം.സി അംഗങ്ങൾ ഉറച്ച് നിന്നു. ജനപ്രതിനിധികളായ സി.എച്ച്.നജ്മാബീവി, ബിന്ദു പുതിയോട്ടിൽ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.