മദ്യ വില കൂടും, ഭൂമിയുടെ ന്യായ വിലയിൽ 20 ശതമാനം വർദ്ധനവ്; എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കും- ധനമന്ത്രി കെ.എൻ ബാലഗോപാൽ


Advertisement

തിരുവനന്തപുരം: മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് കാർ, മദ്യം എന്നിവയുടെ വില കൂടും. 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാമുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാനിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തി. 400 കോടി രൂപ ഇതിലൂടെ അധികമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചു.

Advertisement

സംസ്ഥാന ബജറ്റിൽ സാമൂഹിക ക്ഷേമ പെൻഷനിൽ വർധനവില്ല. മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും വർധിപ്പിച്ചു. വാഹനങ്ങളുടെ വിലയും കൂടും. വാഹനങ്ങൾ വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഭൂമിയുടെ ന്യായവില വർധിപ്പിച്ചു. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടി.

Advertisement

എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിനായി 7.8 കോടി രൂപ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇലക്ട്രിക് വാഹന കണ്‍സോഷ്യം ആരംഭിക്കും. പ്രോജക്ടിനായി 25 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ടി.ടി.പി.എല്‍, വി.എസ്.എസ്.സി, സി-ഡാക് എന്നിവ ഉള്‍പ്പെടുന്ന ഒരു കണ്‍സോഷ്യം നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

Advertisement

ഒരു ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിനായി കിഫ്ബിയുടെ പിന്തുണയോടെയാണ് ഈ പദ്ധതി. കൂടാതെ കേരളത്തില്‍ രൂപീകരിച്ചിട്ടുള്ള ഇലക്ട്രിക് വെഹിക്കിള്‍ ഡ്രൈവ് ട്രെയിന്‍ ടെസ്റ്റിങ്ങ് ലാബിന്റെ പ്രവര്‍ത്തനം വരുന്ന ജൂലായിയില്‍ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നതിനും മറ്റുമായി ട്രസ്റ്റ് പാര്‍ക്കിന്റെ നേതൃത്വത്തിലാണ് ലാബ് സംസ്ഥാനത്ത് തയ്യാറായത്.