വേദികളെ പ്രകമ്പനം കൊള്ളിച്ച ഗന്ധർവ നാദം; ​​ഗാനമേള വേദികൾ സജീവമാകുമ്പോൾ ഓർക്കാം പഴയകാല ​ഗായകൻ ജോയ് പീറ്ററെ


കൊയിലാണ്ടി: ഒരു കാലത്ത് കൊയിലാണ്ടി ഉൾപ്പെടുന്ന വടക്കേ മലബാറിന്റെ ഉത്സവപ്പറമ്പുകളെ സിനിമാപ്പാട്ടുകള്‍ കൊണ്ട് ആറാടിച്ച ഗായകനായിരുന്നു ജോയ് പീറ്റർ. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലുൾപ്പെടെ കൊയിലാണ്ടി മേഖലയിലെ പ്രധാന ഉത്സവ പരിപാടികളിലെയെല്ലാം സ്ഥിരം കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ​ഗാനമേള. ജോയ് പിറ്ററിന്റെ സം​ഗീത പരിപാടിയുണ്ടെന്നറിഞ്ഞാൽ ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ ​ഗാനമേള ആസ്വദിക്കാനും ഒപ്പം നൃത്തം ചെയ്യാനുമായെത്തുമായിരുന്നു. തൊണ്ണൂറുകളില്‍ ഗാനമേള വേദികള്‍ പ്രകമ്പനംകൊള്ളിച്ച പീറ്റര്‍ ഉത്തര കേരളത്തിലെ ആദ്യ പെര്‍ഫോര്‍മിങ് സിങ്ങമാരിലൊരാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ​ഗാനമേള കാണാൻ വൻജനസാ​ഗരമായിരുന്നു ദൃശ്യമാകാറ്.

കാലങ്ങളും ​ഗാനമേള രീതികളുെ മാറിയെങ്കിലും ഗാനാസ്വാദകരുടെ ഓർമ്മകളിൽ ചടുല താളത്തിലുള്ള പാട്ടുകളുടെ വിസ്മയിപ്പിക്കുന്ന ഉപാസകനായി ജോയ് പീറ്റർ ഇന്നും ജീവിക്കുന്നു. ക്ഷേത്രോത്സവങ്ങൾ സമാപിക്കുമ്പോൾ ​ഗായകൻ ജോയ്പീറ്ററിനെ ഓർക്കുകയാണ് ആസ്വാദകർ.

പണ്ടുകാലത്ത് ഗാനമേള വേദികൾ ഉണരണമെങ്കിൽ ജോയ് പീറ്റർ വന്നു പാടണമായിരുന്നു. ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും ഗാനങ്ങളുടെ അന്ത:സ്സത്ത നഷ്ടമാകാതെ ആസ്വാദ്യകരമായ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. എ.ആർ.റഹ്‌മാന്റെ ഗാനങ്ങൾ ഒരു ലഹരിയായി മാറിയ എൺപതുകളും തൊണ്ണൂറുകളും കേരളത്തിലെ ഗാനമേള ട്രൂപ്പുകളുടെ വസന്തകാലമായിരുന്നു. ജോയ് പീറ്ററും സുഹൃത്തുക്കളും തലശ്ശേരി മെലഡി മേക്കേർസ് ഓർക്കസ്ട്ര ആരംഭിക്കുന്നത് എൺപതുകളുടെ അവസാനമാണ്. മലയാളത്തിന്റെ മൺ മറഞ്ഞുപോയ സംഗീത സംവിധായകൻ എ.ടി.ഉമ്മറിന്റെ രക്ഷാകർത്തൃത്വത്തിൽ ഗായകരും സംഗീതാസ്വദകരുമായ ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ചതാണിത്. ജോയ് പീറ്റർ, ഡൊമിനിക്ക്, ജാക്ക്, മുസ്തഫാ , പ്രദീപ് , പ്രമോദ് എന്നിവർ ആരംഭിച്ച മെലഡി മേക്കർസ് ചുരുങ്ങിയ കാലം കൊണ്ട് ഉത്തര മലബാറിന്റെ മികച്ച ട്രൂപ്പ് ആയി.

പിന്നീടത് കേരളത്തിലാകമാനം നവരാഗങ്ങളുടെയും ഭാവ ഗാനങ്ങളുടെയും അശ്യമേധം നടത്തുകയായിരുന്നു. ജോയ് പീറ്റർ എന്ന നാമം സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും ആവേശക്കടൽ ഇളക്കിയ ഉത്സവരാവുകളുടെ രണ്ട് ദശാബ്ദങ്ങൾ. ജോയ് പീറ്ററിന്റെ നേതൃത്വത്തിൽ മെലഡി മേക്കേർസ് പ്രശസ്തിയുടെ ആരോഹണങ്ങൾ കീഴടക്കുകയായിരുന്നു. ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ തുടങ്ങിയ പ്രഗത്ഭരുടെ കൂടെ ജോയ് പീറ്റർ പാടിയിട്ടുണ്ട്.

തലശേരിയിലെ ചാലില്‍ക്കടപ്പുറത്തെ കോളനിയില്‍, പാവപ്പെട്ടവര്‍ക്കായി പള്ളി വച്ചു നല്‍കിയ ലൈന്‍ വീട്ടിലായിരുന്നു ജോയിയുടെ ജനനം. അച്ഛന്‍ പീറ്റര്‍. അമ്മ മഗ്ദലന. ഏഴു മക്കളില്‍ നാലാമന്‍. കടല്‍ക്കാറ്റിനൊപ്പം ദാരിദ്ര്യത്തിന്റെ മണമുള്ള ബാല്യം. എങ്കിലും കലാകാരന്മാരാല്‍ സമ്പന്നമായിരുന്നു ചാലില്‍ കടപ്പുറം. തലശേരി സെന്റ് ജോസഫ് സ്‌കൂളില്‍ ഒമ്പതു വരെ പഠിച്ചു.

ദുരിത പർവ്വമായിരുന്നു ജോയ് പീറ്ററുടെ ആദ്യ കാല ജീവിതം. മേസ്ത്രിയും നിർമ്മാണ തൊഴിലാളിയുമായി. പള്ളികളിൽ പാടുമായിരുന്നു ജോയി. ഞായറാഴ്ചകളിലെയും ക്രിസ്മസ് ആഘോഷങ്ങളിലെയും പ്രധാന പാട്ടുകാരനായി ജോയ് പീറ്റർ മാറി. ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിലൂടെ നേടിയ കരുത്തും അനിതരസാധാരണമായ ആലാപന മികവും ജോയ് പീറ്ററെ തലശ്ശേരി മേഖലയിലെ അറിയപ്പെടുന്ന ഗായകനാക്കി. ആ ആത്മവിശ്വാസത്തിന്റെ ആകെത്തുകയായിരുന്നു തലശ്ശേരി മെലഡി മേക്കേർസ്.

കല്പറ്റയിലെ ശൂലപാണി വാര്യരുടെയും ശാരദ വാര്യരുടെയും മകളായ റാണി വാര്യർ മെലഡി മേക്കേഴ്സിലെ പെൺ നാദമായിരുന്നു. ജോയ് പീറ്ററുടെ ദേവസംഗീതത്തിൽ റാണിയെന്ന ഗായികയുടെ മധുര സ്വരത്തിൽ എല്ലാം മറന്ന് ഗാനങ്ങളാസ്വദിച്ച സംഗീത പ്രേമികൾ…
യുഗ്‌മ ഗാനങ്ങൾ പ്രണയത്തിലേക്കും തുടർന്ന് ആ ബന്ധം പരിണയത്തിലും കലാശിച്ചു. 1993 മാർച്ച് 15 ന് തലശ്ശേരി സെയിന്റ് പീറ്റേർസ് പള്ളിയിൽ വച്ച് ജോയ് പീറ്ററും റാണിയും വിവാഹിതരായി.

പിന്നീടങ്ങോട്ട് മെലഡിയുടെ പ്രണയ ജോഡികൾ ജോയ് പീറ്ററും റാണി ജോയ് പീറ്ററും ഗാനാസ്വാദക ലക്ഷങ്ങളുടെ താരങ്ങളായി മാറുകയായിരുന്നു. വിവാഹ ശേഷം 2001 ൽ ജോയ് ദംബതികൾ കൊടിയേരിയിൽ വീടു വെച്ച് ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. ഒരു ദശാബ്ദക്കാലം ജോയ് പീറ്റർ റാണി ജോയ് പീറ്റർ മെലഡിയുടെ മറ്റു ഗായകരും മെലഡി മേക്കേർസിന്റെ വേദികളിലൂടെ കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളിൽ പാടി. രണ്ടായിരാമാണ്ട് കഴിഞ്ഞതോടെ മെലഡി മേക്കേർസിലെ ഒട്ടുമിക്ക കലാകാരന്മാരും വിവിധ ജോലികൾ കിട്ടി നാലു ഭാഗത്തേക്കും യാത്രയായപ്പോൾ ജോയ് പീറ്റർ മറ്റു ട്രൂപ്പുകളിലേക്ക് ക്ഷണിക്കപ്പെട്ടു ഒപ്പം റാണിയും. അങ്ങനെ മെലഡി മേക്കേഴ്സ് തലശ്ശേരിയുടെ പ്രൗഢ സ്മൃതിയായി മാറി. ഒരുകാലത്ത് എ.ആർ. റഹ്മാൻ ഗാനങ്ങളുടെ ചടുല താളങ്ങളാൽ ശ്രോതാക്കളുടെ ലഹരിയായി മാറി ജോയ് പീറ്റർ അസീസ് തായിനേരി, എടപ്പാൾ വിശ്വൻ, റോഷ്നി എന്നിവർക്കൊപ്പം ബോംബെയിലെ മലയാളി സമാജങ്ങളിൽ ജോയ് പീറ്റർ നിറഞ്ഞാടി.

2018 ഏപ്രിൽ 29 നായിരുന്നു ജോയ് പീറ്ററുടെ മാന്ത്രിക സംഗീതം ഗാനാസ്വാദകർ അവസാനമായി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയത്. ധർമടം ഫെസ്റ്റിന്റെ ഉത്സവ ലഹരിയിൽ സംഗീത സാഗര ചാക്രവാളത്തിൽ മേഘപ്പാളികൾക്കിടയിൽ സൂര്യാസ്തമയം. ആയിരങ്ങളെ സാക്ഷി നിർത്തി ജോയ് പീറ്റർ എന്ന സംഗീത സാധകൻ മതിമറന്നു പാടി. യുവാക്കൾ നൃത്തം ചെയ്തു. സദസ്യരുടെ കരഘോഷത്തിൽ തിരമാലകളുടെ ഈണങ്ങൾക്കൊപ്പം അന്തരീക്ഷം സ്വര മുഖരിതമായി. അത് ജോയ് പീറ്ററുടെ വിടവാങ്ങൽ വേദിയായിരിക്കുമെന്ന് അന്ന് ആരും അറിഞ്ഞില്ല…

2018 മെയ് 10 ന് ആ നാദം നിലച്ചു. മെലഡി മേക്കേർസിന്റെ കലാകാരന്മാരെയും സ്വന്തം കുടുംബത്തെയും ആരാധകരെയും കണ്ണീരിലാഴത്തിക്കൊണ്ട് ജോയ് പീറ്റർ എന്ന അനുഗൃഹീത ഗായകൻ വിട വാങ്ങി. ഇന്നും തലശ്ശേരി മെലഡി മേക്കേർസ് നായകന്റെ സ്മൃതിബിംബങ്ങൾ പഴയ തലമുറയുടെ ഹൃദയ വീഥികളിൽ ചടുല ഗാനങ്ങളുടെ ധ്വനി തരംഗങ്ങളുയർത്തുന്നുണ്ട്.

ജോയ് പീറ്റർ , റാണി ജോയ് പീറ്റർ ദംബതികളുടെ മക്കളാണ് ജിതിൻ ജോയ് പീറ്റർ, റിതിൻ ജോയ് പീറ്റർ എന്നിവർ. ഇവർ രണ്ടു പേരും പാട്ടുകാരാണ്.

 

കടപ്പാട് : ശശീന്ദ്രൻ കൊയിലാണ്ടി