ട്രാഫിക് ഒഴിവാക്കാന്‍ വണ്‍വേ തെറ്റിച്ചു; കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രെെവറുടെ ലെെസൻസ് സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട്: ദേശീയപാതയില്‍ വെങ്ങളത്തിനുസമീപം വണ്‍വേ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹനവകുപ്പ്. ‘ഒമേഗ’ ബസിന്റെ ഡ്രെെവർ ജി.എസ്. ശരത്ത് ലാലിന്റെ ലൈസന്‍സാണ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഒമേഗ’ ബസാണ് അപകടകരമായ യാത്രനടത്തിയതായി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയത്.

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇരുദിശയിലേക്കും രണ്ട് വ്യത്യസ്ത റോഡുകളിലൂടെ വണ്‍വേ ആയിട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. അതിനിടെയാണ് കുരുക്ക് മറിക്കടക്കാന്‍ ബസ് ഡ്രൈവര്‍ വെങ്ങളത്തിനുസമീപത്തുവെച്ച് വണ്‍വേ തെറ്റിച്ച് ഏറെ ദൂരം ഓടിച്ചത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.

മറ്റ് വാഹനയാത്രക്കാര്‍ ഇടപെട്ടതോടെ മെയിന്‍ റോഡില്‍നിന്ന് മാറി സര്‍വീസ് റോഡിലൂടെ തെറ്റായ ദിശയിലൂടെതന്നെ യാത്ര തുടരുകയായിരുന്നെന്നും ഗുരുതരമായ നിയമലംഘനമാണ് ഡ്രൈവര്‍ നടത്തിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ബി. ഷെഫീഖ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്ക് ചേവായൂര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് കൊടുത്തിരുന്നു. വെള്ളിയാഴ്ച ഓഫീസില്‍ ഹാജരായ ഡ്രൈവറുടെ മറുപടികേട്ട ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ചേവായൂരില്‍ നടക്കുന്ന റോഡ് സേഫ്റ്റി ക്ലാസില്‍ പങ്കെടുക്കണമെന്നും ഡ്രൈവറെ അറിയിച്ചിട്ടുണ്ട്.