മൂന്നുവര്‍ഷത്തിനിടെ ഒരുലക്ഷത്തിലധികം കുട്ടികള്‍ കുറഞ്ഞു; കേരളാ സിലബസില്‍ ഇത്തവണയും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്


തിരുവനന്തപുരം: ഇത്തവണയും ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ കേരളാ സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഒരു ലക്ഷത്തിലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്‌കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. ഇതുവരെയുള്ള കണക്കാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. സമ്പൂര്‍ണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.