വായനാരി തോടിന്റെ പ്രവൃത്തി പാതിവഴിയിലായെന്ന് കോണ്‍ഗ്രസ്; നഗരസഭ ഇടപെട്ട് പ്രദേശത്തെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കണമെന്നും ആവശ്യം


കൊയിലാണ്ടി: നഗരസഭയിലെ 32ാം വാര്‍ഡിലെ വായനാരി തോട് നിര്‍മ്മാണത്തിന്റെ പ്രവൃത്തി മഴക്കാലത്ത് തുടങ്ങിയെങ്കിലും തോട് കടന്നുപോകുന്ന ഭാഗത്തുള്ള സ്ഥലമുടമകളുടെ സമ്മതപത്രം ലഭിക്കാത്തതിനാല്‍ പ്രവൃത്തി പാതിവഴിയിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാരണത്താല്‍ റെയിലിന് കിഴക്കുഭാഗത്ത് കോളനിപ്രദ്ദേശത്ത് നിന്നും വെള്ളം കിഴക്കോട്ട് ഒഴുകി പോകുന്നില്ലെന്നും കൊയിലാണ്ടി ടൗണിലെയും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ വെള്ളവും ഈ പ്രദ്ദേശത്ത് കെട്ടിനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ വളരെയേറെ വിഷമത അനുഭവിക്കുന്നെന്നും 32ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

മുന്‍സിപ്പല്‍ അധികൃതര്‍ ഈ പ്രവൃത്തിയും മറ്റ് കാര്യങ്ങളും ശ്രദ്ധിക്കാത്തതുകാരണം ഈ തോടിന്റെ നവീകരണം മുന്നോട്ട് പോകുകയില്ല. പണി തുടങ്ങുന്നതിനു മുന്‍പ് ഗുണഭോക്തൃ യോഗം കൂടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. അത് കൊണ്ട് നഗരസഭയുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ അടിയന്തരമായി ഇടപെട്ട് ഈ പ്രദേശത്തെ ജനങ്ങളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടത്. പ്രസിഡന്റ് അഞ്ജുഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ എം.എം.ശ്രീധരന്‍, കെ.വി.റീന, സി.കെ.പ്രദീപന്‍, കെ.ടി.സുമ, എ.ടി.ശിവദാസന്‍, എസ്.കെ.ഉണ്ണി എന്നിവര്‍ സംസാരിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ലളിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വായനാരി തോടിന്റെ പണി ഇപ്പോഴും നടക്കുന്നുണ്ട്. പ്രദേശത്തുകാര്‍ക്ക് വഴിയ്ക്ക് തടസമില്ലാത്തവിധം സ്ലാബിടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മഴക്കാലത്ത് മറ്റു പ്രവൃത്തികള്‍ ചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ മഴക്കാലം കഴിഞ്ഞ് മറ്റു പണികള്‍ തുടങ്ങുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കി.