‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക’; ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ ടീച്ചര്‍


വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്നും, ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി.

എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം അത് മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും ശൈലജ പറഞ്ഞു. വടകരയിലെ ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നു. എനിക്ക് അവര്‍ വോട്ടും ചെയ്യും, അവരുടെ വിശ്വാസം നഷ്ടപ്പെടുത്തില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശൈലജ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും, 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനും വിളിച്ച് ആരോപണങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്നാണ് നോട്ടീസില്‍ പറഞ്ഞത്. എന്നാല്‍ ഷാഫി വക്കീല്‍ നോട്ടീസ് അയച്ച് വിലകുറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണെന്നും അശ്ശീല വര്‍ഗിയ പ്രചാരണം നടത്തുന്ന യുഡിഎഫിന് വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞിരുന്നു.