കുവൈത്ത് തീപ്പിടിത്തം: മരിച്ചവരില്‍ 11 മലയാളികള്‍, ഒരാളെ തിരിച്ചറിഞ്ഞു, പരിക്കേറ്റവരില്‍ ഏറെയും കണ്ണൂര്‍, കാസര്‍കോഡ് സ്വദേശികളെന്ന് സൂചന


കുവൈത്ത്: മംഗെഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെയായി 11 മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെയായി 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ 52പേരില്‍ 36പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 15പേര്‍ ഇന്ത്യക്കാരണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. പരിക്കേറ്റവരില്‍ ഏറെയും കണ്ണൂര്‍, കൊല്ലം, കാസര്‍കോഡ് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മംഗെഫ് ബ്ലോക്ക് നാലിലെ എന്‍ടിബിസി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് കാരണം തീ പടര്‍ന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെ 195പേരാണ് ഇവിടെ താമസിക്കുന്നത്. തീ ഉയര്‍ന്നതോടെ ഫ്‌ളാറ്റില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരിക്കേറ്റത്.

പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അതേ സമയം മംഗെഫിലുണ്ടായ അഗ്നിദുരന്തത്തിന് കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടിട്ടുണ്ട്‌.