പന്തിരങ്കാവ് കേസ്; പരാതിക്കാരിയായ യുവതിയുടെ അവസാന ലൊക്കേഷന്‍ കിട്ടിയത് ഡല്‍ഹിയില്‍, രാജ്യംവിട്ടേക്കില്ലെന്ന് നിഗമനം


കോഴിക്കോട്: പന്തീരങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടെന്ന് സൂചന. യുവതിയുടെ അവസാന ടവര്‍ ലൊക്കേഷന്‍ കിട്ടിയത് ഡല്‍ഹിയിലാണ്. യുവതിക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിട്ടേക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ജൂണ്‍ മൂന്നാം തിയ്യതി തിരുവനന്തപുരത്തെ ഓഫീസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ മകളെ പിന്നീട് കണ്ടിട്ടില്ലെന്നാണ് യുവതിയുടെ പിതാവ് പറഞ്ഞത്. എട്ടാം തിയ്യതി വരെ മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതായതോടെ ജോലി ചെയ്യുന്ന കമ്പനി മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി മൂന്നാം തിയ്യതി മുതല്‍ 21ാം തിയ്യതി വരെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പിതാവ് പറയുന്നു.

തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പറഞ്ഞതെല്ലാം നുണയാണെന്നും യുവതി സമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിറകെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന് പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

രണ്ട് വീഡിയോകളാണ് യുവതി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പങ്കുവെച്ചത്. കേസില്‍ പ്രതിയായ രാഹുല്‍ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും യുവതി ഇന്നലെ പുറത്തുവിട്ട ആദ്യ വീഡിയോയില്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ വീഡിയോയില്‍ തന്നെ ആരും തട്ടിക്കൊണ്ടു
പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും വെളിപ്പെടുത്തിയിരുന്നു. അതേ സമയം കേസില്‍ പരാതിക്കാരിയുടെ പുതിയ മൊഴി നിലനില്‍ക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.