കുറ്റിക്കാട്ടൂര്‍ സൈനബ കൊലക്കേസ്; പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി


കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. മുഖ്യപ്രതി സമദ് നല്‍കിയ മൊഴി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ താനൂരിലെ ഒരു വര്‍ക്ക് ഷോപ്പിലാണ് വണ്ടി കണ്ടെത്തിയത്.

കേസില്‍ സമദിന്റെ കൂട്ടുപ്രതി സുലൈമാനെ കഴിഞ്ഞദിവസം സേലത്തുവെച്ച് പിടികൂടിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ സൈനബയുടെ കയ്യില്‍ മൂന്ന് ലക്ഷം രൂപയും പതിനേഴ് പവന്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ഇത് കവര്‍ച്ച ചെയ്യുകയെന്നതായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം.

നവംബര്‍ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. ഭാര്യയെ ഏഴാം തീയതി വൈകുന്നേരം മുതല്‍ കാണാനില്ലെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി സൈനബയുടെ ഭര്‍ത്താവ് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സമദും കൂട്ടുകാരന്‍ സുലൈമാനും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് സമദിന്റെ മൊഴി. ശേഷം മൃതദേഹം നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.