ഇത് നമ്മുടെ ‘മീശപ്പുലിമല’; കോടമഞ്ഞില്‍ പുതപ്പണിഞ്ഞ് സഞ്ചാരികളെ കാത്ത് കുറുമ്പാലക്കോട്ട
കൊയിലാണ്ടിക്കാര്‍ക്ക് മീശപ്പുലിമല ഫീല്‍ കിട്ടാന്‍ ഒരുപാട് ഒരുപാടൊന്നും യാത്ര ചെയ്യേണ്ട, നമ്മുടെ അടുത്ത് വയനാട്ടിലുണ്ട് മഞ്ഞ് പെയ്യുന്ന ഒരു മീശപ്പുലിമല, വയനാടിന്റെ കുറുമ്പാലക്കോട്ട.
വയനാടിന്റെ ഒത്തനടുവിലാണ് കുറുമ്പാലക്കോട്ട. പേരില്‍ മാത്രമേ കോട്ടയുള്ളൂ. മലയില്‍ കോട്ടയൊന്നുമില്ല. സൂര്യോദയവും അസ്തമയവും മഞ്ഞുപുതച്ചു കിടക്കുന്ന പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ ഇതിലും പറ്റിയ സ്ഥലം വേറെയില്ല.
കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി ഏഴ് കിലോമീറ്റര്‍ പോയാല്‍ കുറുമ്പാലക്കോട്ടയെത്താം. കുറ്റ്യാടി ചുരം വഴിയാണ് പോകുന്നതെങ്കില്‍ കോറോം കെല്ലൂര്‍ വഴി കുറുമ്പാലക്കോട്ടയുടെ താഴ് വരയിലെത്താം.
ഇവിടേക്ക് കയറി എത്താന്‍ അല്പം ബുദ്ധിമുട്ടാണ്. ടെന്റ് അടിച്ച് മലമുകളില്‍ താമസിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. കൂടാതെ സമീപ പ്രദേശങ്ങളില്‍ റിസോര്‍ട്ടുകളും ഒരുപാടുണ്ട്.
വലിയൊരു ചരിത്രം പേറുന്ന ഇടംകൂടിയാണിത്. പഴശ്ശി രാജയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയ കാലത്ത് പഴശ്ശിയുടെ സൈന്യം ഈ മലമുകളില്‍ തമ്പടിക്കുകയും ഇതൊരു കോട്ട പോലെയായി പട നയിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്അതിനാലാണ് ഇവിടം കുറുമ്പാലക്കോട്ട എന്നറിയപ്പെടുന്നതെന്നും വാമൊഴികളില്‍ പറയപ്പെടുന്നു.