കുളത്തുവയല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം: കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ.എസ്.യു


പേരാമ്പ്ര: കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത സ്‌കൂളിന്റെ നിലപാടിനെതിരേയും പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ് നടപടിയും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിയെ എത്രയും പെട്ടെന്ന് പിടി കൂടി ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും അര്‍ഹമായ നീതി ലഭ്യമാക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം സ്‌കൂളിലേക്കും പോലീസ് സ്റ്റേഷനിലേക്കും നടത്തുമെന്നും കെ.എസ്.യു കൂട്ടിച്ചേര്‍ത്തു.