നഗരസഭയ്ക്ക് മാതൃകയായി മുത്താമ്പി ഇരുപതാം വാര്‍ഡിലെ വനിതകള്‍; മാലിന്യമുക്ത-സൗന്ദര്യവല്‍ക്കരണത്തിനായി അണിനിരന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍
കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് മാലിന്യമുക്ത-സൗന്ദര്യ വല്‍ക്കരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണവും സൗന്ദര്യവല്‍ക്കരണവും എന്ന ആശയത്തോടനുബന്ധിച്ചാണ് വാര്‍ഡിന്റെ പ്രധാന പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടച്ചെടികള്‍ നട്ടുപിടിപ്പിച്ചത്.
ചിലതെല്ലാം നാമാവശേഷമായെങ്കിലും, സ്പര്‍ശം പ്രവര്‍ത്തകരുടെ ശ്രദ്ധ എന്നും ഈ പൂന്തോട്ടത്തിന് മേലെ ഉണ്ട്. ഷൈമ, ശാന്ത, പുഷ്പ, സതി തുടങ്ങിയവരാണ് ഈ പൂന്തോട്ട നിര്‍മ്മാണത്തിനും പരിപാലനത്തിനും നേതൃത്വം വഹിക്കുന്നവര്‍. വര്‍ഷത്തില്‍ അഞ്ചോ ആറോ തവണകളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നഗരസഭക്ക് മാതൃകയാവുകയാണ് മുത്താമ്പി ഇരുപതാം വാര്‍ഡിലെ ഈ പെണ്ണുങ്ങള്‍.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ മൂന്ന് ആശയങ്ങള്‍ കൂടി നടപ്പിലാക്കാനാണ് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എസ്.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. വാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുകയെന്നതാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതി. നടപ്പിലാവുന്നപക്ഷം നഗരസഭയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ’ അമൃതം ജീവനം പദ്ധതി’, ലഭിക്കുന്ന വാര്‍ഡായി ഇവിടം മാറും.
മാലിന്യ നിക്ഷേപത്തിനെതിരെ സി.സി ക്യാമറകള്‍ സ്ഥാപിക്കുന്ന ‘തേര്‍ഡ് ഐ’, അര്‍ഹതയുളള മുഴുവന്‍ പേര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ‘സേവന’ പദ്ധതി എന്നിവയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികള്‍.
summary: Kudumbashree workers mobilize for garbage-free beautification