മുചുകുന്നിൽ ഇനി സെവൻസ് രാജാക്കന്മാർ കൊമ്പുകോർക്കുന്ന രാവുകൾ; കെ.ടി.എസ് സോക്കർ നൈറ്റ് നാളെ മുതൽ, ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് കൊയിലാണ്ടിയുടെ മണ്ണിൽ എത്തുന്നു


കൊയിലാണ്ടി: മണ്ണിലും വിണ്ണിലും, കണ്ണിലും കാതിലും, പന്തിലും കാലിലും പെയ്തിറങ്ങുന്ന അനുഭൂതിയാണ് ഫുട്ബോൾ. വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറം വികാരങ്ങളിലൂടെ അനുഭവിക്കാവുന്ന ഭാഷ. ആ ഭാഷയിൽ അതിമനോഹരമായ കവിതയെഴുതാനൊരുങ്ങി കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികൾ, കാൽപ്പന്തുകളിയെന്ന തങ്ങളുടെ ജീവിത കവിത. കെ.ടി.എസ് സോക്കർ നൈറ്റിനു നാളെ ആരംഭം.

കായിക മേഖലക്കൊപ്പം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലും ഒരു ദേശത്തിൻ്റെ സുകൃതമായ് പ്രവർത്തിക്കുന്ന കെ.ടി.ശ്രീധരൻ സ്മാരക വായനശാല പുളിയഞ്ചേരിയാണ് ഫുട്ബോൾ മാമാങ്കം സംഘടിപ്പിക്കുന്നത്. ടി.കെ ഭാർഗ്ഗവൻ സ്മാരക വിന്നേഴ്സ് കപ്പിനും എം.കെ സോമൻ, പി വാസു സ്മാരക റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് KTS സോക്കർ നൈറ്റ് മുചുകുന്ന് ഗവ:കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും.

ഇന്ത്യയിലെ പ്രഗത്ഭരായ സെവൻസ് രാജാക്കന്മാർ കൊമ്പുകോർക്കുന്ന രണ്ടു രാത്രികൾക്ക് ഇന്ത്യൻ ഫുട്ബാൾ താരം സി.കെ വിനീത് തുടക്കം കുറിക്കും. നാളെയും മറ്റെന്നാളെയും വൈകിട്ട് ഏഴു മണി മുതലാണ് കളി ആരംഭിക്കുക. ഇടിമിന്നൽ ഷോട്ടുകളും ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളും മിഴിവേകുന്ന കാൽപ്പന്തുകളിയുടെ കളിയാവേശം നിറച്ച് വസന്ത കാലത്തിന്റെ ആഘോഷങ്ങൾ കൊയിലാണ്ടിയിൽ ആരംഭിച്ചു കഴിഞ്ഞു.

പടകൾ സജ്ജരായിക്കഴിഞ്ഞു, ഇനി കളികളത്തിൽ കാണാം…