കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ കയ്യാമം വച്ച കൊയിലാണ്ടി പൊലീസിന്റെ നടപടി അപഹാസ്യമെന്ന് കെ.എം.അഭിജിത്ത്
കൊയിലാണ്ടി: വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ കയ്യാമം വച്ച കൊയിലാണ്ടി പൊലീസിന്റെ നടപടി അപഹാസ്യമെന്ന് എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങ് വച്ച് നടുറോഡിലൂടെ കാൽനടയായി കൊണ്ടുപോയ സംഭവം ജനാധിപത്യസമരങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നത് പോലെയാണെന്നും അഭിജിത്ത് പറഞ്ഞു.
വ്യാജ രേഖയുണ്ടാക്കി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളിച്ച് കടന്ന് പോകുന്ന എസ്.എഫ്.ഐ നേതാക്കളായ കെ.വിദ്യക്കും നിഖിൽ തോമസിനും പരവതാനി വിരിക്കുന്ന പോലീസ് സംവിധാനം മറു ഭാഗത്ത് ജനാധിപത്യ മാർഗത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഏത് വിധേനയും അടിച്ചമർത്താൻ നോക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊയിലാണ്ടിയിൽ കണ്ടത്.
ഈ രീതിയിൽ സമരങ്ങളെ ഇല്ലാതാക്കാം എന്ന് സർക്കാരും പോലീസും കരുതുന്നതെങ്കിൽ അത് കേവലം വ്യാമോഹം മാത്രമാണെന്നും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ ശക്തമായ സമരവുമായി കെ.എസ്.യു തെരുവിലിറങ്ങുമെന്നും അഭിജിത്ത് പറഞ്ഞു.
കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് വിങ് കൺവീനർ അഡ്വ. മുഹമ്മദ് അഫ്രിൻ ന്യൂമാൻ, എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീവ് എന്നീ രണ്ടുപേരെയാണ് പോലീസ് കയ്യാമം വെച്ച് അറസ്റ്റു ചെയ്തത്. പി.കെ. ഫിറോസ്, കെ.എം. ഷാജി തുടങ്ങിയ സംസ്ഥാന നേതാക്കള്‍ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
കൊയിലാണ്ടിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്ലസ് വൺ പ്രവേശനത്തിനായി രണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾ അടക്കം പ്രവേശനം നോടാൻ സാധിക്കാതെ പുറത്താണെന്ന് എം.എസ്.എഫ് ആരോപിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതതെന്നും പ്രവർത്തകർ പറയുന്നു.