ഓണാവധിക്ക് വീട്ടിലിരുന്ന് ബോറടിക്കാതെ ആനവണ്ടിയില്‍ നാടുചുറ്റാം; കോഴിക്കോട് നിന്നും ആകര്‍ഷകമായ യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: ഓണാവധിക്കാലം ആകര്‍ഷകമായ വിനോദ യാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ആഗസ്റ്റ് 26 മുതല്‍ 31 വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്രകള്‍.
ആഗസ്റ്റ് 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍ എന്നിവടങ്ങളില്‍ സഞ്ചരിച്ച് ആഗസ്റ്റ് 28ന് തിരിച്ചെത്തും. 2220യുടെ പാക്കേജാണിത്.
ആഗസ്റ്റ് 27ന് മൂന്ന് യാത്രകളുണ്ട്. സൈലന്റ് വാലി യാത്രയ്ക്ക് 1580രൂപയുടെയും തുഷാരഗിരി, 900 കണ്ടി യാത്രയ്ക്ക് 1150രൂപയുടെയും പാക്കേജാണ്. നെല്ലിയാമ്പതിയിലേക്കാണ് അന്നേദിവസം ആരംഭിക്കുന്ന മൂന്നാമത്തെ യാത്ര.
ആഗസ്റ്റ് 29 ന് വാഗമണ്‍, കുമളി യാത്രയ്ക്ക് ഭക്ഷണവും താമസവും ട്രക്കിങ് ചെലവും ഉള്‍പ്പെടെ 4430 രൂപയുടെ പാക്കേജാണ്. 31-ന് ആരംഭിക്കുന്ന വാഗമണ്‍- വേഗ യാത്രയ്ക്ക് 3500 യാത്രാപാക്കേജുമാണുള്ളത്.
അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ അതേ പാക്കേജ് ആണ് ഈടാക്കുക. ബുക്കിംഗിന് 9544477954, 9846100728 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ജില്ലാ കോഡിനേറ്റര്‍: 9961761708.